കൊച്ചി: ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ആക്രമണത്തിനിരയായ നടിയുടെ കുടുംബം. ദിലീപിന്റെ അറസ്റ്റ് സ്ഥിരീകരിച്ചതിനുശേഷം പ്രതികരണത്തിനായി സമീപിച്ച മാധ്യമങ്ങളോടാണ് കുടുംബം ഇത്തരത്തിൽ അറിയിച്ചത്.
ചോദ്യം ചെയ്യലിന്റെ ഭാഗമായി രാവിലെ കസ്റ്റഡിയിൽ എടുത്ത ദിലീപിനെ രഹസ്യകേന്ദ്രത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. കുറച്ചു സമയത്തിനുള്ളിൽ ദിലീപിനെ കോടതിയിൽ ഹാജരാക്കുമെന്നാണു സൂചന. റിയൽ എസ്റ്റേറ്റ് ഇടപാടല്ല ആക്രമണത്തിനു പിന്നിലെന്നും വ്യക്തി വൈരാഗ്യം മാത്രമാണ് കാരണമെന്നും പോലീസ് പറയുന്നു. ദിലീപ് ഇപ്പോൾ ആലുവ പോലീസ് ക്ലബ്ബിലാണുള്ളത്.
സംഭവത്തിൽ ദിലീപിനൊപ്പം നാദിർഷായും കസ്റ്റഡിയിലെന്നു സൂചനയുണ്ട്. മൂന്നു പേർ കസ്റ്റഡിയിലുണ്ടെന്ന് പോലീസ് സൂചന നൽകുന്നുണ്ടെങ്കിലും ഇതാരെന്നു വ്യക്തമാക്കുന്നില്ല. പക്ഷേ, ഇത് നാദിർഷായും ദിലീപിന്റെ മാനേജർ അപ്പുണ്ണിയുമാണെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
