കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന്റെ അറസ്റ്റിലേക്കു കാര്യങ്ങളെത്തിയത് പോലീസിന് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. തെളിവുകൾ സ്ഥിരീകരിച്ചശേഷമാണ് പോലീസ് അറസ്റ്റിലേക്കു നീങ്ങിയത്.
നടിക്കെതിരായ വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന തെളിവുകൾ സൂചിപ്പിക്കുന്നത്. കൊച്ചി എംജി റോഡിലെ ഒരു ഹോട്ടലിലാണ് ഇതു സംബന്ധിച്ച ഗൂഡാലാചന നടന്നത്. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് ഇവിടെയെത്തിയത്. ഇതിന്റെ ശക്തമായ തെളിവുകൾ പോലീസിന് ലഭിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയായ പൾസർ സുനിയുടെ മൊഴികളും ഇതിനെ സാധൂകരിച്ചു.
ചോദ്യം ചെയ്യലിന്റെ ഭാഗമായി രാവിലെ കസ്റ്റഡിയിൽ എടുത്ത ദിലീപിനെ രഹസ്യകേന്ദ്രത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
