കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കുമ്പോള്‍ ദിലീപിന്‍റെ സഹോദരന്‍ അനൂപ് കോട്ടയം പൊന്‍കുന്നത്തിനു സമീപം ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലിലെത്തി വഴിപാടുകള്‍ നടത്തി.

ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം എത്തിയ അനൂപ് ജഡ്ജിയമ്മാവന്റെ പ്രീതിക്കായി അട വഴിപാടു കഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക പ്രാര്‍ഥനകള്‍ക്കും പൂജകള്‍ക്കും ശേഷം രാത്രി പത്തരയോടെയാണ് ഇവര്‍ മടങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വ്യവഹാരങ്ങളില്‍ തീര്‍പ്പാകാതെ ബുദ്ധിമുട്ടുന്നവര്‍ ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണത്രേ അനൂപ് ഇവിടെയെത്തിയത്. ജാമ്യം ലഭിച്ചാല്‍ ഉടന്‍തന്നെ ദിലീപും ഇവിടെയെത്തുമെന്ന് ക്ഷേത്രം ഭാരവാഹികളെ അനൂപ് അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ദിലീപിന്‍റെ മാനേജർ അപ്പുണ്ണി നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിന്റെ മുന്‍ അഭിഭാഷകന്‍ അഡ്വ. പ്രതീഷ് ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ച ഹൈക്കോടതി, ഇന്ന് രാവിലെ അന്വേഷണ ഉദ്ദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതീഷ് ചാക്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഇന്നലെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഇത് അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞിരുന്നത്. സംഭവത്തിന് ശേഷം സുനില്‍ കുമാറിനെ പ്രതീഷ് ചാക്കോയുടെ അടുത്തേക്ക് അയച്ചത് നടന്‍ ദിലീപാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ദിലീപിന് നേരത്തെ പരിചയമുള്ള പ്രതിഷ് ചാക്കോയ്ക്ക് ഈ ആക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ അറിവുണ്ടോയെന്ന കാര്യമാവും പൊലീസ് ചോദ്യം ചെയ്ത് മനസിലാക്കുക.