കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടന്‍ ദിലീപിൻ്റെ മാനേജർ അപ്പുണ്ണിയും കേസിൽ പ്രതിയാകും. സുനിൽ കുമാറിന് പണം നൽകി ഒത്തുതീർപ്പിന് അപ്പുണ്ണി ശ്രമിച്ചെന്ന് പോലീസ്. അപ്പുണ്ണിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

പൊലീസ് തെരച്ചില്‍ തുടങ്ങിയ ശേഷം അപ്പുണ്ണി ഒളിവിലാണെന്നാണ് സൂചന. അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായില്ല. ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ഇയാൾ ഒളിവിൽ പോയത്. കേസിലെ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. അപ്പുണ്ണിയുടേതെന്ന് കരുതപ്പെടുന്ന അഞ്ച് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. കേസില്‍ അപ്പുണ്ണിക്ക് നേരിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. സുനിൽ കുമാർ നടിയെ ആക്രമിക്കുന്നതിന് മുമ്പും ശേഷവും അപ്പുണ്ണിയുമായി നിരന്തരം ബന്ധപ്പെട്ടതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു.