നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ പൊലീസ് കസ്റ്റഡി നീട്ടി. നാളെ വൈകുന്നേരം അഞ്ചു മണി വരെയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടത്. ദിലീപ് ചെയ്തത് ഗുരുതര കുറ്റകൃത്യമെന്ന് പൊലീസ് കോടതിയില്‍ വാദിച്ചു. ജാമ്യം വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ഇക്കാര്യം നാളെ പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. നാളെ ഉച്ചയ്ക്ക് തന്നെ കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. കെ. രാം കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന് രാവിലെ 10.45ഓടെയാണ് ദിലീപിനെ ഹാജരാക്കിയത്. ദിലീപിന് വേണ്ടി അഡ്വ കെ. രാം കുമാറും പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ സുരേശനും ഹാജരായി. കേസില്‍ ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റങ്ങളൊന്നും നിലനില്‍ക്കില്ലെന്നും ദിലീപിന് ജാമ്യം നല്‍കണമെന്നും അഡ്വ കെ. രാംകുമാര്‍ വാദിച്ചു. കേസില്‍ സാക്ഷികളില്ലാത്തത് കൊണ്ട് ഇപ്പോള്‍ മാപ്പുസാക്ഷികളെ അന്വേഷിക്കുകയാണെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസം മാത്രമാണ് അന്ന് അനുവദിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നും കസ്റ്റഡി നീട്ടണമെന്നും ഇന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍, കസ്റ്റഡി നീട്ടണമെങ്കില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് പ്രതിഭാഗം വാദിച്ചു. മുദ്രവെച്ച കവറില്‍ കേസ് ഡയറി ഹാജരാക്കാന്‍ തയ്യാറാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പൊലീസിനെതിരെ എന്തെങ്കിലും പരാതികളുണ്ടോയെന്ന് കോടതി ദിലീപിനോട് അന്വേഷിച്ചപ്പോള്‍ ഒരു പരാതിയുമില്ലെന്നായിരുന്നു മറുപടി

