ദുബായി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് ദുബായിലെത്തി. ദേ പുട്ട് എന്ന പേരില്‍ ദിലീപ് നടത്തുന്ന ഭക്ഷണശാലയുടെ ഉദ്ഘാടനത്തിനായി അമ്മയ്‌ക്കൊപ്പമാണ് ദിലീപ് എത്തിയത്. ദിലീപിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കേരളാ പോലീസിന്റെ ആറുപേരടങ്ങുന്ന സംഘം
ദുബായില്‍ എത്തിയതായി സൂചനയുണ്ട്.
വിവാദങ്ങള്‍ക്കിടെ അമ്മ സരോജത്തോടൊപ്പമാണ് ദിലീപ് ദുബായിലെത്തിയത്. രാജ്യന്തര വിമാന താവളത്തിലെത്തിയ ദിലീപിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. ദിലീപ് പാര്‍ട്ണറായ ദേ പുട്ട് റെസ്റ്റോറിന്റെ ഉദ്ഘാടനത്തിനായാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ അദ്ദേഹം വിദേശത്തെത്തിയത്. നാളെ വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ദിലീപ് പങ്കെടുക്കുമെന്ന് സുഹൃത്തും സിനിമാ സംവിധായകനുമായ നാദിര്‍ഷ പറഞ്ഞു.
ദിലീപിന്റെ ദുബായി യാത്രയെ സംശയത്തോടെയാണ് പോലീസ് നോക്കികാണുന്നത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ സംബന്ധിച്ച സംശയങ്ങളാണ് പോലീസിനുള്ളത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വച്ചു നടത്തിയതായി നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. ഫോണിലെ സിംകാര്‍ഡും മെമ്മറി കാര്‍ഡും ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്ന സംശയത്തില്‍ ദിലീപ് ദുബായിലേക്ക് പോകുന്നത് കേസിനെ ബാധിക്കുമെന്ന് പോലീസ് നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.
