തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപുമായി തൃശ്ശൂരിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്. രണ്ട് ഹോട്ടലുകളിലും ടെന്നീസ് ക്ലബ്ബിലും നടത്തിയ തെളിവെടുപ്പിനിടെ വലിയ പ്രതിഷേധമാണ് ദിലീപിന് നേരെ ഉണ്ടായത്. രാവിലെ 10മണിയോടെ ദിലീപുമായി അന്വേഷണസംഘം ആലുവ പോലീസ് ക്ലബിന് പുറത്തേക്ക്. വഴിയിൽ പലയിടത്തും ദിലീപിനെതിരെ ജനങ്ങളുടെ കൂക്കിവിളി. 11.20യോടെ സംഘം ദിലീപുമായി ജോയ്‌സ് പാലസ് ഹോട്ടലിലെത്തി. പുറത്ത് കാത്തുനിന്ന ജനക്കൂട്ടത്തിന്റെ കൂവലുകൾക്കിടയിലൂടെ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയില്‍ ദിലീപിനെ എത്തിച്ചു.

2016ൽ ഈ പാർക്കിംഗ് ഏരിയയില്‍ നിർത്തിയിട്ട ബിഎംഡബ്ല്യു കാറിൽ വച്ച് ദിലീപും ഒന്നാം പ്രതി സുനിൽ കുമാറും ഗൂഢാലോചന നടത്തി എന്നാണ് പോലീസ് കണ്ടെത്തൽ. വാഹനത്തിൽ നിന്ന് പുറത്തിറക്കാതെ തെളിവെടുത്ത ശേഷം അന്വേഷണസംഘം ദിലീപിനെയുംകൊണ്ട് ഹോട്ടൽ ഗരുഡയിലെത്തി. അവിടെ ഏട്ടാം നിലയിലുള്ള 801-ാം നമ്പർ മുറിയിൽ പ്രതിയെ എത്തിച്ചു തെളിവെടുത്തു. ഇവിടെ 14 ദിവസത്തോളം താമസിച്ച് ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. തിരിച്ചിറങ്ങുമ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ കൂടി നിന്ന ആളുകളെ കൈവീശി കാണിച്ച ശേഷം ദിലീപ് വാഹനത്തിലേക്ക് കയറി.

കിണറ്റിങ്കൽ ടെന്നീസ് ക്ലബ്ബിൽ പ്രതിയെ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എഐവൈഎഫ് പ്രവർത്തകർ രംഗത്തെത്തി. ദിലീപ് അഭിനയിച്ച ജോർജേട്ടൻസ് പൂരം സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ സുനിൽ കുമാർ ഇവിടെയെത്തുകയും ഇരുവരും ഗൂഢാലോചന നടത്തുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. ദിലീപിനൊപ്പം ആരാധകർ എടുത്ത സെല്‍ഫികളിൽ സുനിൽകുമാറും നിൽക്കുന്നത് പതിഞ്ഞിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾളാണ് ഇരുവരും ഒന്നിച്ചുണ്ടായിരുന്നു എന്നതിന് പോലീസ് നിരത്തുന്ന തെളിവുകൾ. വലിയ പ്രതിഷേധങ്ങൾക്കിടയിലൂടെ ടെന്നീസ് ക്ലബിലെ തെളിവെടുപ്പും പൂർത്തിയാക്കി. ഇന്നലെയും ഇന്നുമായി തെളിവെടുപ്പ് കഴിഞ്ഞതോടെ പ്രതിയുമായി വീണ്ടും അന്വേഷണസംഘം ആലുവ പോലീസ് ക്ലബ്ബിൽ തിരിച്ചെത്തി. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ നാളെ ദിലീപിനെ കോടതിയിൽ ഹാജരാക്കും.