അങ്കമാലി: അങ്കമാലി കോടതിയില്‍ രണ്ടാം തവണ സമര്‍പ്പിച്ച ജാമ്യപേക്ഷ തള്ളിയതോടെ ദിലീപ് അടുത്ത നീക്കത്തിന് ഒരുങ്ങുകയാണ്. അറുപത് ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ തനിക്ക് സ്വഭാവിക ജാമ്യം വേണം എന്നാണ് അങ്കമാലി കോടതിയില്‍ ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ ശക്തമായി പ്രോസീക്യൂഷന്‍ എതിര്‍ത്തപ്പോള്‍ ദിലീപിന് ജാമ്യം ലഭിക്കാതിരിക്കുകയായിരുന്നു.

നേരത്തെ ഹൈക്കോടതിയിലാണ് ദിലീപ് ജാമ്യപേക്ഷ നല്‍കാന്‍ ഒരുങ്ങിയത്. എന്നാല്‍ ഹൈക്കോടതിയില്‍ ഒരേ ബെഞ്ചില്‍ തന്നെ മൂന്നാം ഹര്‍ജി കൊടുക്കുന്നത് തിരിച്ചടിയാകുമെന്ന ധാരണയിലാണ് ദിലീപ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയത്. അതേ സമയം അച്ഛന്‍റെ ശ്രദ്ധത്തിന് അടക്കം അനുമതി കിട്ടിയതിനാല്‍ കോടതി തന്‍റെ വാദം അനുകൂലിക്കും എന്നും ദിലീപ് കരുതി. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല.

ഇതേ സമയം ജില്ല കോടതി വഴി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ദിലീപ് ക്യാമ്പ് എന്നാണ് റിപ്പോര്‍ട്ട്. അതായത് ഒരിക്കല്‍ കൂടി നിയമത്തിന്‍റെ വഴിയില്‍ നീങ്ങാം. എന്നാല്‍ ഹൈക്കോടതിയില്‍ നേരത്തെ ജാമ്യം പരിഗണിച്ച ബെഞ്ചില്‍ എത്തിയാല്‍ ആശ്വാസം ദിലീപ് പ്രതീക്ഷിക്കുന്നില്ല.

അതിനാല്‍ നേരത്തെ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന സമയത്ത് ഹൈക്കോടതിയിലെ മറ്റൊരു സിംഗിള്‍ ബെഞ്ച് പോലീസിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് ദിലീപ് ഭാഗം ശ്രമിക്കുന്നത്. ഇതോടെ ചിലപ്പോള്‍ കേസ് ഡിവിഷന്‍ ബെഞ്ചില്‍ എത്തിയാല്‍ അനുകൂലമായ വിധി ദിലീപ് പ്രതീക്ഷിക്കുന്നു. എന്തായാലും ദിലീപിന്‍റെ ജാമ്യം ഇനിയും നീളും.