കൊച്ചി: തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (ഫിയോക്) ന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് നടന്‍ ദിലീപ് . നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും ഒരു സംഘടനയുടെയും തലപ്പത്തേക്കില്ലെന്നും ദിലീപ് വ്യക്തമാക്കി. എന്നാല്‍ സംഘടനയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്നും ദിലീപ് പറഞ്ഞു.

നടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്ന കേസിൽ ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ ഫിയോക് പ്രസിഡന്റായി ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തിരുന്നു. ജാമ്യം ലഭിച്ചു മണിക്കൂറുകൾക്കകമാണു സംഘടനാ നേതൃത്വം യോഗം ചേർന്നു ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാൻ തീരുമാനിച്ചത്. ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റായി തുടരുമെന്നുമായിരുന്നു തീരുമാനം.

കേസില്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്നായിരുന്നു വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന വന്ന് ദിവസങ്ങള്‍ക്കകമായിരുന്നു ദിലീപിന്റെ അറസ്റ്റ്.