നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില് ആക്രമണ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ദിലീപിന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
കേസിലെ പ്രതിയായ ദിലീപ് ഇതേ ആവശ്യവുമായി സമർപ്പിച്ച ഹർജി നേരത്തെ അങ്കമാലി കോടതി തള്ളിയിരുന്നു. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ്. പൊലീസ് ശേഖരിച്ച ഈ ദൃശ്യങ്ങൾ വിചാരണയ്ക്ക് മുമ്പ് വിട്ടുകിട്ടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇത് പ്രതിയുടെ അവകാശമാണെന്നും ദിലീപ് കോടതിയില് വാദിച്ചു.
എന്നാൽ ദൃശ്യങ്ങൾ നൽകുന്നത് നടിയുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന്റെ ഹർജി തള്ളിയത്
