കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പോലീസ് ചോദ്യം ചെയ്യുന്നത് പതിനൊന്ന് മണിക്കൂര്‍ പിന്നിട്ടു. ഉച്ചയ്ക്ക് 12.30 ഓടെ ആലുവ പോലീസ് ക്ലബില്‍ എത്തിയതാണ് ദിലീപും നാദിര്‍ഷയും. ദിലീപിനെ ചോദ്യം ചെയ്യുന്നത് കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണെന്ന് പോലീസ് വ്യക്തമാക്കി. ദിലീപിനെയും നാദിര്‍ഷയേയും വെവ്വേറെ മുറികളിലാണ് ചോദ്യം ചെയ്യുന്നത്. 

ദിലീപ് സഹകരിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ തുടരുകയാണ്. നടിയെ ആക്രമിച്ചത് ദിലീപ് പറഞ്ഞിട്ടാണെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന മട്ടില്‍ ഊഹാപോഹങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. 

അതേസമയം, ബ്ലാക്ക്‌മെയിലിംഗ് സംബന്ധിച്ച് താന്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനാണ് പോലീസ് വിളിപ്പിച്ചതെന്നായിരുന്നു ദിലീപ് നേരത്തെ പറഞ്ഞത്. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ചാണ് മൊഴിയെടുപ്പ്.

നേരത്തെ മാധ്യമവിചാരണയ്ക്ക് നിന്നുതരില്ലെന്നും പറയാനുള്ളത് പൊലീസിനോട് പറയുമെന്നും ദിലീപ് പറഞ്ഞു . പറയാനുള്ളത് കോടതിയേയും അറിയിക്കുമെന്നും ദിലീപ് വ്യക്തമാക്കി. ഇന്ന് വൈകിട്ട 'അമ്മ'യോഗം നടക്കുന്നുണ്ട്.