കൊച്ചി: അങ്കമാലി കോടതിയിലെത്തിച്ച ദിലീപിനെ കൂവി വിളിച്ച് ജനം. ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ രാവിലെ 11 മണിയോടെ ദിലീപിനെ പോലീസ് അങ്കമാലി കോടതിയിലെത്തിച്ചിരുന്നു. ദിലീപിനെ ഹാജരാക്കുന്ന വിവരമറിഞ്ഞ് നൂറുകണക്കിന് ജനങ്ങളാണ് കോടതി പരിസരത്ത് തടിച്ചു കൂടിയത്.
കോടതിക്ക് സമീപത്തും കെട്ടിടങ്ങളിലും മണിക്കൂറുകള്‍ക്കു മുമ്പേ പ്രദേശവാസികളടക്കമുള്ള ജനം തടിച്ചുകൂടി. കോടതിക്ക് മുന്നില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നാല്‍ ദിലീപുമായെത്തിയ വാഹനത്തിന് നേരെ ജനക്കൂട്ടം കൂവി വിളിച്ചു. കോടതിക്ക് മുന്നിലെ റോഡില്‍ ഇരുവശത്തും പോലീസ് കനത്ത പോലീസ് കാവലൊരുക്കിയാണ് വാഹനം കോടതി വളപ്പിലേക്ക് കടത്തിയത്.
കോടതി വളപ്പില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ടായിരുന്നു. കോടതിക്ക് പുറത്ത് നിന്ന് മാത്രമേ ദൃശ്യങ്ങള്‍ പകര്‍ത്താവൂ എന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊതുജനങ്ങളെ ആരെയും കാേടതിയിലേക്ക് കടത്തിയില്ല. ജനരോക്ഷം ഭയന്ന് കനത്ത സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് കോടതിയിലേക്ക് ആളുകളെ കടത്തി വിട്ടത്. എന്നാല്‍ ഒരിക്കല്‍ ജനപ്രിയ നായകനായിരുന്ന താരത്തെ സ്വന്തം സഹപ്രവര്‍ത്തകയോട് ചെയ്ത ക്രൂരതയോട് ജനം കൂവി വിളിച്ച് പ്രതികരിച്ചു.

