ആലുവ: നടിയെ ആക്രമിച്ച കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് വീണ്ടും സബ് ജയിലിലെത്തിയ നടന്‍ ദിലീപിന് ഇന്നലെ രാത്രി ഭക്ഷണം ലഭിച്ചില്ല. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ട് 5.35നാണ് ദിലീപിനെ ഇന്നലെ ജയിലില്‍ എത്തിച്ചത്. നേരത്തെ കിടന്ന രണ്ടാം നമ്പര്‍ സെല്ലില്‍ തന്നെയായിരുന്നു ദിലീപ് ഇന്നലെ വീണ്ടുമെത്തിയത്.
ജയിലിലെ തടവുകാര്‍ക്ക് വൈകിട്ട് അഞ്ചു മണിയോടെയാണ് രാത്രിയിലെ ഭക്ഷണം നല്‍കുന്നത്. റേഷന്‍ എന്നറിയപ്പെടുന്ന ഭക്ഷണത്തിനുള്ള കണക്കെടുപ്പ് പക്ഷെ നാലു മണിക്ക് തുടങ്ങും. ഈ സമയം കോടതിയിലായതിനാല്‍ ദീലീപിന്റെ പേര് ഭക്ഷണത്തിനായി കണക്കിലടുത്തിരുന്നില്ല. തിരികെ ജയിലിലെത്തിയപ്പോഴേക്കും ഭക്ഷണം വിതരണം ചെയ്തും കഴിഞ്ഞിരുന്നു. ഇതാണ് ദിലീപിന്റെ അത്താഴം മുടങ്ങാന്‍ കാരണം. ഓരോരുത്തര്‍ക്കും കൃത്യമായ അളവിലുള്ള ഭക്ഷണമേ പാകം ചെയ്യൂവെന്നതിനാല്‍ ഭക്ഷണം ബാക്കി വരുന്ന പതിവില്ല.
സെല്ലിലെ തടവുകാരിലൊരാള്‍ കഴിക്കാന്‍ വൈകിയ ഭക്ഷണം പങ്കുവെയ്ക്കാന്‍ തയാറാണെന്ന് ദിലീപിനെ അറിയിച്ചെങ്കിലും താരം നിരസിച്ചു. അങ്ങനെ ജയിലിലേക്കുള്ള ആദ്യവരവില്‍ ആദ്യ ദിനം ദിലീപിന് കൊതുകു കടിയുടേതായിരുന്നെങ്കില്‍ രണ്ടാം വരവിലെ ആദ്യദിനം അത്താഴ പട്ടിണിയുടേതായെന്ന് മാത്രം.
