കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ് ദിലീപ് ജാമ്യഹർജി നൽകിയിരിക്കുന്നത്. ഹർജി നാളെ കോടതി പരിഗണിക്കും.

കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന പൾസർ സുനിയെ ജീവിതത്തിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നു. കേസിൽ താൻ ഒരുതരത്തിലുള്ള ഗുഢാലോചനയും നടത്തിയിട്ടില്ല. സിനിമയിലെ പ്രബലമായ ഒരു ചെറുവിഭാഗം തന്നെ തകർക്കാൻ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് അറസ്റ്റുണ്ടായിരിക്കുന്നതെന്നും ദിലീപിന്റെ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അറസ്റ്റോടെ താൻ അഭിനയിച്ച സിനിമയുടെ അണിയറക്കാരും പ്രതിസന്ധിയിലായി. നാലോളം സിനിമകളാണ് മുടങ്ങിക്കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 50 കോടിയോളം രൂപ നിർമാതാക്കൾ മുടക്കിയിട്ടുണ്ടെന്നും അറസ്റ്റ് കാരണം ഈ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ചവരുടെ ഉപജീവനം തന്നെ ഇല്ലാതായിരിക്കുകയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

ആദ്യ ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണ സംഘം മുന്നോട്ടുവച്ച കാര്യങ്ങൾ ഇപ്പോൾ പ്രസക്തമല്ല. കേസിലെ മുഖ്യതെളിവായ നടിയുടെ ദൃശ്യങ്ങൾ പകർത്തി എന്ന് പറയപ്പെടുന്ന ഫോണ്‍ നശിപ്പിച്ചുവെന്ന് അഭിഭാഷകൻ പ്രതീഷ് ചാക്കോ തന്നെ പോലീസിനോട് പറഞ്ഞു കഴിഞ്ഞു. അപ്പുണ്ണി ചോദ്യം ചെയ്യലിനായി പോലീസിന് മുന്നിൽ ഹാജരാവുകയും ചെയ്തു. കേസുമായി ഇതുവരെയും പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ദിലീപ് ജാമ്യാപേക്ഷയിലൂടെ കോടതിയെ അറിയിച്ചു.