നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിനെതിരായ കുരുക്ക് മുറുകിയത് ഇപ്പോഴത്തെ ഭാര്യ കാവ്യാമാധവന്റെ സ്ഥാപനത്തില്‍ നടന്ന കാര്യങ്ങള്‍. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയില്‍ എത്തിച്ചുവെന്നായിരുന്നു സുനില്‍കുമാറിന്റെ മൊഴി. എന്നാല്‍ ലക്ഷ്യയിലെത്തി പരിശോധിച്ചെങ്കിലും മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. ഇതോടെ അന്വേഷണം വീണ്ടും വഴിമുട്ടി. പക്ഷേ അധികംവൈകാതെ, ലക്ഷ്യയുടെ സമീപത്തുള്ള കടയിലെ സിസിടിവിദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമായി. ചോദ്യംചെയ്യലില്‍ പറഞ്ഞദിവസം സുനില്‍കുമാര്‍ ലക്ഷ്യയിലെത്തിയതായി ഈ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. അതുപോലെ ലക്ഷ്യയില്‍വെച്ച് രണ്ടുലക്ഷംരൂപ തനിക്ക് കൈമാറിയെന്ന് സുനില്‍കുമാര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ലക്ഷ്യയിലെ രേഖകള്‍ പരിശോധിച്ച പൊലീസിന് രണ്ടുലക്ഷം രൂപയുടെ കുറവ് കണ്ടെത്താനായി. ഇതും കേസില്‍ ഏറെ നിര്‍ണായകമായി. ഈ തെളിവുകളാണ് ദിലീപിനെതിരായ പൊലീസ് നീക്കങ്ങള്‍ എളുപ്പത്തിലാക്കിയത്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തശേഷം ഇക്കാര്യങ്ങള്‍ നിരത്തിവെച്ച് ചോദ്യം ചെയ്‌തപ്പോള്‍ ദിലീപിനെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുകയും, കുറ്റം സമ്മതിക്കുകയുമായിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും.