തെറ്റ് ചെയ്‍തിട്ടില്ലെന്നും മന:സ്സാക്ഷി ശുദ്ധമാണെന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസെഫ്. കുറ്റവിചാരണ നടപടികളുടെ ഭാഗമായി സെനറ്റില്‍ നടത്തിയ പ്രസംഗത്തില്‍ ജനാധിപത്യത്തിനായി വോട്ട് ചെയ്യാന്‍ ദില്‍മ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ദില്‍മയെ ഇംപീച്ച് ചെയ്യണോയെന്ന കാര്യത്തില്‍ നാളെ വോട്ടെടുപ്പുണ്ടായേക്കും.
ബ്രസീല്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്‌ക്കാന്‍ ബജറ്റില്‍ കൃത്രിമം കാണിച്ചെന്നാണ് ദില്‍മ റൂസെഫ് നേരിടുന്ന ആരോപണം. എന്നാല്‍ തെറ്റൊന്നും ചെയ്‍തിട്ടില്ലെന്നും ഭരണഘടനാതത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് രാജ്യം ഭരിച്ചതെന്നും ദില്‍മ പറഞ്ഞു. പട്ടാളഭരണത്തിനെതിരെ പോരാടിയതിന് താനനുഭവിച്ച പീഡനങ്ങള്‍ മുതല്‍ ബ്രസീലിന്‍റെ ആദ്യ വനിത പ്രസിഡന്‍റായത് വരെയുള്ള തന്‍റെ ജീവിതത്തെക്കുറിച്ച് സെനറ്റര്‍മാരോട് സംസാരിച്ചപ്പോള്‍ 68കാരിയായ ദില്‍മ വികാരാധീനയായി. അനീതിയുടെ കയ്പ്പുനീര്‍ രുചിക്കുകയാണ് താന്‍. മൈക്കല്‍ ടെമറിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്‍തിയും ദില്‍മ മറച്ചുവച്ചില്ല. സമൂഹത്തിലെ ന്യൂനപക്ഷമായ സമ്പന്നരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാകും ഇടക്കാലസര്‍ക്കാരിന്‍റെ പ്രവര്‍ത്തനമെന്ന് ദില്‍മ ആശങ്ക പ്രകടിപ്പിച്ചു. തന്നെ പിന്തുണയ്‌ക്കുന്ന സെനറ്റര്‍മാര്‍ക്ക് നന്ദി പറഞ്ഞ ദില്‍മ എതിര്‍ക്കുന്നവരോട് ജനാധിപത്യത്തിനായി വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് സെനറ്റര്‍മാരുടെ ചോദ്യങ്ങള്‍ക്കും ദില്‍മ മറുപടി നല്‍കി. ഇംപീച്ച്മെന്‍റ് നടപടിയില്‍ വോട്ടെടുപ്പ് നാളെ ഉണ്ടായേക്കും. 81സെനറ്റര്‍മാരില്‍ 54 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്‌താല്‍ ദില്‍മ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താകും.
