ജമ്മുകശ്‍മിരിൽ ചർച്ചയ്‍ക്കായി കേന്ദ്രം നിയോഗിച്ച സ്ഥിരം മധ്യസ്ഥൻ ദിനേശ്വർ ശർമ ശ്രീനഗറിലെത്തി. അഞ്ച് ദിവസത്തെ സന്ദർശനത്തിനിടെ രാഷ്‍ട്രീയപാർട്ടികളുടെ പ്രതിനിധികളുമായി ശർമ്മ ചർച്ച നടത്തും. മധ്യസ്ഥനുമായി ചർച്ചയ്‍ക്കില്ലെന്നാണ് വിഘടനവാദികളുടെ നിലപാട്.
കശ്‍മിർ താഴ്‍വരയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹൻ വാണിയുടെ വധത്തോടെ രൂക്ഷമായ സംഘർഷത്തിന് അയവ് വരുത്തുകയെന്ന ലക്ഷ്യവുമായാണ് ദിനേശ്വർ ശർമ ശ്രീനഗറിലെത്തിയത്.അഞ്ച് ദിവസത്തെ സന്ദർശനത്തിനിടെ വിഘടനവാദികളും യുവാക്കളും രാഷ്‍ട്രീയക്കാരുമായി ചർച്ചകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. തന്റെ കയ്യിൽ മാന്ത്രിക വടികളില്ലെന്നും തുറന്ന മനസോടെയുള്ള ചർച്ചയിലൂടെ പ്രശ്‍നപരിഹാരം കാണുകയാണ് ദൗത്യമെന്നും മുൻ രഹസ്യാന്വേഷണ വിഭാഗം തലവൻ വ്യക്തമാക്കി.
എന്നാൽ ചർച്ചയുമായി സഹകരിക്കേണ്ടെന്നാണ് വിഘടനവാദികളുടെ സംഘടനായായ ഹുറിയത്ത് കോൺഫറൻസിന്റെ നിലപാട്. മധ്യസ്ഥനെ നിയമിച്ചതിന് പിന്നാലെ ഹിസ്ബുൾ ഭീകരൻ സയിസ് സലാവുദ്ദീന്റെ മകൻ സയിദ് യൂസഫിനെ എൻഐഎ അറസ്റ്റ് ചെയ്‍തത് ചൂണ്ടിക്കാട്ടിയാണ് നിസഹകരണം. നിരപരാധികളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞമാസം ഹർത്താലും ഹുറിയത്ത് നടത്തി. എന്നാൽ ചർച്ചകളാണ് ജനാധിപത്യത്തെ മുന്നോട്ട് കൊണ്ട് പോവുന്നതെന്ന് ജമ്മുകശ്‍മിർ മുഖ്യമന്ത്രി മെഹബൂബ മുഫ്‍തി പറഞ്ഞു.
