തിരുവനന്തപുരം: വേനല്‍ ചൂടിന്‍റെ ആധിക്യത്താല്‍ സംസ്ഥാനത്തെ പാലുല്‍പ്പാദനത്തില്‍ വന്‍ ഇടിവ്. മില്‍മയുടെ ആഭ്യന്തര പാല്‍ സംഭരണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിനം ഒരു ലക്ഷത്തി നാല്‍പ്പതിനായിരം ലിറ്ററിന്‍റെ കുറവാണുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ ഇറക്കുമതി ചെയ്ത് പാല്‍ ക്ഷാമം മറികടക്കുകയാണ് മില്‍മയിപ്പോള്‍.
തിരുവനന്തപുരത്തെ വിളപ്പില്‍ശാല കാരോട് സഹകരസംഘം പ്രതിദിനം നാലായിരത്തി മുന്നൂറ് ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്ന ഒരു സൊസൈറ്റിയായിരുന്നു എന്നാല്‍ വേനല്‍ക്കാലമായതോടെ സംഭരിക്കപ്പെടുന്നത് മൂവായിരത്തി ഒരു നൂറ് ലിറ്റര്‍ മാത്രം. ആയിരത്തി ഇരുനൂറു ലിറ്ററിന്‍റെ കുറവ്. വിപണനത്തിന് ശേഷം മില്‍മ ഉത്പാദന കേന്ദ്രത്തിലേക്ക് കയറ്റി അയയ്ക്കുന്ന പാലിലും അഞ്ഞൂറ് ലിറ്ററിന്‍റെ കുറവുണ്ടായി.
വേനല്‍ ചൂട് സംസ്ഥാനത്തെ പാലുല്‍പ്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകും. മില്‍മയുടെ തദ്ദേശ പാല്‍ സംഭരണത്തില്‍ ഇരുപത് ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ഡിസംബറില്‍ പതിനൊന്ന് ലക്ഷംലിറ്ററായിരുന്ന പ്രതിദിന പാല്‍സംഭരണം 9.7 ലക്ഷം ലിറ്ററായി കുറഞ്ഞു.
കഴിഞ്ഞ വേനലിലെ പ്രതിദിനപാല്‍ സംഭരണം പതിനൊന്ന് ലക്ഷത്തി ഇരുപതിനായിരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 9.8 ലക്ഷം ലിറ്ററായി. തിരുവനന്തപുരം മേഖലയിലാണ് പാലുല്‍പ്പാദനം ഏറ്റവും കുറഞ്ഞത്. പ്രതിദിനം നാല്‍പ്പത്തി രണ്ടായിരം ലിറ്ററിന്‍റെ കുറവ്.
