പിഎം ശ്രീയിലെ ഇടതു ബുദ്ധിജീവികളുടെ മൗനത്തെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംവിധായകൻ പ്രിയനന്ദൻ
തൃശ്ശൂര്‍: പി എം ശ്രീ പദ്ധതി വിവാദത്തില്‍ ഇടതു ബുദ്ധിജീവികളുടെ മൗനത്തെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംവിധായകൻ പ്രിയനന്ദൻ. ഭരണകൂടം വഴിതെറ്റുമ്പോൾ അതിനെ തിരുത്താൻ ധൈര്യം കാണിക്കാതെ രാഷ്ട്രീയ സൗകര്യങ്ങൾക്കായി മൗനം പാലിക്കുന്ന ബുദ്ധിജീവികൾ സ്വന്തം വാല് മറച്ചുവെക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ തന്നെയാണ് എണ്ണപ്പെടുന്നത്.ഇടതുപക്ഷത്തിന്‍റെ നിലപാട് മാറ്റം മുളച്ചുപോയ വാലിന്‍ന്‍റെ പ്രായോഗിക രാഷ്ട്രീയം മാത്രമാണോ,അതോ ആദർശങ്ങളെ ബലി കഴിച്ചതിന്‍റെ രാഷ്ട്രീയ നാണക്കേടോ.ബുദ്ധിജീവികൾ ഉത്തരം പറയാൻ ബാധ്യസ്ഥരെന്നും പ്രിയനന്ദനൻ സമൂഹമാധ്യമത്തില്‍ കുറിച്ചു
സി.പി.ഐയും, സി.പി.ഐയുടെ വിദ്യാർത്ഥി യുവജന സംഘടനകളും ഈ തീരുമാനത്തെ വഞ്ചനാപരമെന്ന് പറഞ്ഞ് പരസ്യമായി തെരുവിൽ പ്രതിഷേധിച്ചപ്പോഴും, ഭരണകൂടത്തോട് ചേർന്നുനിൽക്കുന്ന മറ്റ് പ്രമുഖ ബുദ്ധിജീവികൾ ഒന്നുകിൽ നിശ്ശബ്ദരാവുകയോ അല്ലെങ്കിൽ ദുർബലമായ ന്യായീകരണങ്ങളുമായി രംഗത്തുവരുകയോ ചെയ്തു.വിദ്യാഭ്യാസത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകുന്നതിനെതിരെ പ്രതികരിക്കേണ്ടവർ ഇപ്പോൾ എവിടെപ്പോയി?പുരോഗമന, മതേതര മൂല്യങ്ങൾക്കായി വാദിച്ചിരുന്നവരുടെ പേനകൾ ഉണങ്ങിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു
രാഷ്ട്രീയ ആദർശം പണത്തിന് മുന്നിൽ കീഴടങ്ങുമ്പോൾ, അതിന് മൗനാനുവാദം നൽകുന്ന ബുദ്ധിജീവി സമൂഹം ആർക്കാണ് ഓശാന പാടുന്നത്?ഫണ്ടിനായുള്ള ഈ 'കീഴടങ്ങൽ' താൽക്കാലിക ലാഭമാണോ അതോ കേരളത്തിൻ്റെ പുരോഗമന വിദ്യാഭ്യാസ മാതൃകയുടെ ദീർഘകാല നഷ്ടമാണോ എന്നതിനെക്കുറിച്ച് തുറന്നു ചർച്ച ചെയ്യപ്പെടേണ്ട സമയമാണിത്. ഭരണകൂടം വഴിതെറ്റുമ്പോൾ അതിനെ തിരുത്താൻ ധൈര്യം കാണിക്കാതെ, രാഷ്ട്രീയ സൗകര്യങ്ങൾക്കായി മൗനം പാലിക്കുന്ന ബുദ്ധിജീവി സമൂഹം, സ്വന്തം 'വാലുകൾ' മറച്ചുവെക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽത്തന്നെയാണ് എണ്ണപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


