വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി ജംഗ്ഷന് സമീപമുള്ള വൈറ്റ് ഹൗസ് എന്ന ഹോട്ടലാണ് ഇന്ന് പൂട്ടിയത്. 

ആലപ്പുഴ: വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഹോട്ടല്‍ ആരോഗ്യവകുപ്പിന്റെ പരിശോധനയെ തുടര്‍ന്ന് അടച്ചുപൂട്ടി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി ജംഗ്ഷന് സമീപമുള്ള വൈറ്റ് ഹൗസ് എന്ന ഹോട്ടലാണ് ഇന്ന് പൂട്ടിയത്. പരിസര വാസികളടക്കം നല്‍കിയ പരാതികളെ തുടര്‍ന്നാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിബു സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. 

ഹോട്ടലിന് പുറകുവശം സെപ്റ്റിക് ടാങ്കുകള്‍ തുറന്ന് കിടന്നതും മലിനജലം പരിസരമാകെ കെട്ടിക്കിടക്കുന്നതും പരിശോധനാ സംഘം കണ്ടെത്തി. ഭക്ഷണം പാകം ചെയ്യുന്നിടത്ത് മലിനജലം കെട്ടിക്കിടക്കുകയാണ്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഹോട്ടലിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ഹോട്ടലിന് പഞ്ചായത്ത് ലൈസന്‍സോ ആരോഗ്യവകുപ്പിന്റെ സാനിട്ടറി സര്‍ട്ടിഫിക്കറ്റോ ഇല്ലായിരുന്നു. ഇതിനെതുടര്‍ന്നാണ് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഡോ. ഷിബു സുകുമാരന്‍ പറഞ്ഞു.