ചണ്ഡിഖഡ്: വിഐപികള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അധികൃതര്‍ ഭിന്നശേഷിക്കാരായ കുട്ടികളോട് ചെയ്തത് ക്രൂരത. മൂന്ന് മണിക്കൂറാണ് രണ്ട് വയസ്സ് മുതല്‍ പ്രായമുള്ള കുഞ്ഞ് തൊട്ടുള്ളവരെ അധികൃതര്‍ പട്ടിണിക്കിട്ടത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വീല്‍ചെയര്‍ നല്‍കുന്ന ചടങ്ങിന് ശേഷം കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് എത്തി അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ വേണ്ടിയായിരുന്നു ഈ ക്രൂരത.
ചണ്ഡിഖഡിലെ റെഡ് ക്രോസ് സൊസൈറ്റിയാണ് വിഐപിയ്ക്കായി കാത്തിരുന്ന് കുട്ടികളെ പട്ടിണിയ്ക്കിട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ (പിജിഐഎംഇആര്‍) ആണ് ഭിന്നശേഷിക്കാരായ കുട്ടികളെ ചടങ്ങിന് ക്ഷണിച്ച് വരുത്തിയത്. 300 വീല്‍ ചെയറുകളാണ് ഇവര്‍ക്ക് നല്‍കിയത്. മന്ത്രി രാജ്‌നാഥ് സിംഗ് എത്തിയാണ് ഇത് കൈമാറിയത്. 11 മണിയ്ക്ക് എത്താമെന്ന് ഏറ്റ മന്ത്രി എത്തിയത് 11.35 ന്. കുട്ടികളെ കാണുന്നതിന് മുമ്പ് മറ്റ് പ്രമുഖകര്‍ക്കൊപ്പം മന്ത്രി വൃക്ഷത്തൈ നട്ടു. മന്ത്രിയെത്തുന്നതുവരെ കുട്ടികളെ പോകാന്‍ സംഘടന അനുവദിച്ചില്ല.
ചടങ്ങിനെത്തിയ അനിതാകുമാരി എന്ന യുവതിയുടെ കയ്യിലിരുന്ന 2 വയസ്സുള്ള കുഞ്ഞ് കരയുന്നത് വിശന്നിട്ടാണെന്നും 9 മണി മുതല്‍ മന്ത്രിയ്ക്കായി കാത്തിരിക്കുയാണ് ഇപ്പോള്‍ സമയം 11.30 കഴിഞ്ഞെന്നുമാണ് അവര്‍ നല്‍കിയ മറുപടി. രണ്ട് വയസ്സുകാരി കുഞ്ഞ് ഈ വലിയ വീല്‍ ചെയര്‍ കിട്ടിയിട്ട് എന്ത് ചെയ്യാനാണെന്നും അവര്‍ ചോദിച്ചു. രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കിയിരിക്കുന്നത് ഒരേ തരത്തിലുള്ള വീല്‍ ചെററുകള്‍. ഇത് ഉപയോഗിച്ച് ഇവര്‍ എന്തു ചെയ്യുമെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്.
