താന്‍ വികലാംഗനാണെന്ന് മനസിലാക്കാതെയാണ് തീയറ്ററില്‍ ദമ്പതികള്‍ തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് സലില്‍ ചതുര്‍വേദി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ എഴുനേല്‍ക്കാതിരിക്കുന്നത് കണ്ട ഇരുവരും അടുത്ത് വരികയും പുരുഷന്‍ തന്നെ ആക്രമിക്കുകയായുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീയും അസഭ്യ വര്‍ഷം നടത്തി. നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വീല്‍ചെയറില്‍ ജീവിതെ കഴിച്ചുകൂട്ടുന്ന അദ്ദേഹം ഈ സംഭവത്തിന് ശേഷം തീയറ്ററില്‍ പോകാന്‍ ഇനി തനിക്ക് ഭയമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണോത്സുകമായല്ലാതെ രാജ്യസ്നേഹം പ്രകടിപ്പിക്കാന്‍ പലര്‍ക്കും കഴിയാതോ പോകുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേനാ ഉദ്ദ്യോഗസ്ഥന്റെ മകനാണ് താന്‍. കായിക രംഗത്ത് രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. എന്റെ ജീവിതം പരിശോധിച്ച് രാജ്യസ്നേഹം വിലയിരുത്താന്‍ ആര്‍ക്കാണ് അവകാശമെന്നും അദ്ദേഹം ചോദിച്ചു. ഭിന്ന ശേഷിയുള്ളവര്‍ക്ക് തുല്യ പരിഗണന നല്‍കണമെന്നാവശ്യപ്പെട്ടും ഭിന്നശേഷിയുള്ളവര്‍ക്കെതിരായ അവഗണനകള്‍ക്കെതിരെ ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനും വേണ്ടി 2009ല്‍ മുംബൈയില്‍ നിന്ന് ഗോവയിലേക്ക് അദ്ദേഹം പായ്ക്കപ്പലില്‍ യാത്ര നടത്തിയിരുന്നു. സലില്‍ ചതുര്‍വേദി ആക്രമിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്തെങ്ങും ഉയര്‍ന്നിരിക്കുന്നത്.
