പ്രതീക്ഷയോടെ 17 ജീവനുകളാണ് അവരെ അവിടെ കാത്തിരുന്നത്. മനുഷ്യരും പശുക്കളുമടക്കം എല്ലാപേരും തുരുത്തിൽ നിന്ന് പോയപ്പോഴും രക്ഷപ്പെടാൻ കഴിയാതെ ഒറ്റപ്പെട്ടുപോയതാണ് ആറ് നായ്ക്കളും രണ്ട് പൂച്ചകളും എഴ് പന്നികളും രണ്ട് കോഴികളും അടങ്ങുന്ന സംഘം.
ചെറുതോണി: കുത്തിയൊഴുകുന്ന പെരിയാറിനെ മറികടന്ന് ആ തുരുത്തിലെത്തുക ഒട്ടും എളുപ്പമായിരുന്നില്ല. എന്നിട്ടും രണ്ട് കരകളെയും ബന്ധിപ്പിച്ച കയറുകളിൽ തൂങ്ങി ദുരന്തനിവാരണ സേനാംഗങ്ങൾ അവിടെയെത്തി. പ്രതീക്ഷയോടെ 17 ജീവനുകളാണ് അവരെ അവിടെ കാത്തിരുന്നത്. മനുഷ്യരും പശുക്കളുമടക്കം എല്ലാപേരും തുരുത്തിൽ നിന്ന് പോയപ്പോഴും രക്ഷപ്പെടാൻ കഴിയാതെ ഒറ്റപ്പെട്ടുപോയതാണ് ആറ് നായ്ക്കളും രണ്ട് പൂച്ചകളും എഴ് പന്നികളും രണ്ട് കോഴികളും അടങ്ങുന്ന സംഘം.
വെള്ളക്കയം കുറ്റാക്കുഴിയിൽ മോഹനന്റെയും അമ്പിളിയുടെയും വളർത്തു മൃഗങ്ങളാണ് തുരുത്തിൽ അകപ്പെട്ടുപോയത്. മൃഗങ്ങളെ വളർത്തി ഉപജീവനം കഴിച്ചിരുന്ന കുടുംബം ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്ന വാർത്ത വന്നത് മുതൽ മൃഗങ്ങളെ തുരുത്തിൽ നിന്ന് മാറ്റാൻ ശ്രമം തുടങ്ങി. പക്ഷെ പശുക്കളെ മാറ്റാൻ മാത്രമെ കുടുംബത്തിനായുള്ളു. പന്നികളെയും നായ്ക്കളെും മാറ്റാൻ ശ്രമിക്കുന്പോഴേക്ക് നാലും അഞ്ചും ഷട്ടറുകൾ കടന്ന് വെള്ളം കുതിച്ചെത്തി. ഒരു തരത്തിലും മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ പോലും കഴിയാത്ത അവസ്ഥയിലായി കുടുംബം.
തുരുത്തിൽ കുടുങ്ങിയ മിണ്ടാപ്രാണികളുടെ വിവരം അറിഞ്ഞാണ് ദുരന്തനിവാരണ സേനയുടെ ഒരു വിഭാഗം ഇവിടെയെത്തിയത്. കുത്തിയൊഴുകുന്ന പുഴ തന്നെയായിരുന്നു ഇവരുടെ മുന്നിലെ വെല്ലുവിളി. പക്ഷെ തുരുത്തിലെ മൃഗങ്ങളുടെ വിളി കേൾക്കാതിരിക്കാൻ അവർക്കായില്ല. അങ്ങനെ സേനാംഗങ്ങൾ ഇരുകരകളെയും ബന്ധിപ്പിച്ച് കയറുകൾ ബന്ധിപ്പിക്കാൻ ശ്രമം നടത്തി. വൈകുന്നേരത്തോടെ ഇങ്ങനെ ബന്ധിപ്പിച്ച കയറുകളിലൂടെ രണ്ട് സേനാംഗങ്ങൾ തുരുത്തിലെത്തി. ആദ്യം അടുക്കാൻ മടിച്ചെങ്കിലും രക്ഷകർക്ക് അടുത്തേക്ക് നായ്ക്കുട്ടൻമാർ നടന്നെത്തി. മൃഗങ്ങൾക്കുള്ള ഭക്ഷണം നൽകുകയാണ് സേനാംഗങ്ങൾ ആദ്യം ചെയ്തത്. ഇന്ന് ഇരുട്ടുന്നതിന് മുമ്പ് മൃഗങ്ങളെ തുരുത്തിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ദുരന്തനിവാരണ സേന.
