ദില്ലി: ഔദ്ദ്യോഗിക വിദേശ യാത്രകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം പോകുന്നവരുടെ വിവരങ്ങള്‍ പരസ്യമാക്കണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാതുര്‍ ഉത്തരവിട്ടു. ദേശ സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നത് തടയണമെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ആവശ്യം നിരസിച്ചാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ മറുപടി. എന്നാല്‍ പ്രധാനമന്ത്രിക്ക് ഒപ്പം സഞ്ചരിക്കുന്ന സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

വിദേശ യാത്രകളില്‍ പ്രധാനമന്ത്രിക്ക് ഒപ്പം പോകുന്ന സുരക്ഷാ ഉദ്ദ്യോഗസ്ഥരോ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരോ ഒഴികെയുള്ള വ്യക്തികളുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിനോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നീരജ് ശര്‍മ്മ, അയ്യൂബ് അലി എന്നിവര്‍ നല്‍കിയ വിവരാവകാശ അപേക്ഷകള്‍ നിരസിക്കപ്പെട്ടപ്പെട്ടതിന് പിന്നാലെയാണ് ഇവര്‍ കേന്ദ്ര കമ്മീഷനില്‍ അപ്പീലുമായെത്തിയത്. പ്രധാനമന്ത്രിക്ക് ഒപ്പം പോകുന്ന സ്വകാര്യ കമ്പനി സി.ഇ.ഒമാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ എന്നിങ്ങനെയുള്ളവരുടെ വിവരങ്ങളാണ് നീരജ് ശര്‍മ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രധാനമന്ത്രിയുടെ വീടും ഓഫീസും പ്രവര്‍ത്തിക്കുന്നതിനുള്ള ചിലവ്, പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനുള്ള നടപടികള്‍, ജനങ്ങളുമായി പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ എണ്ണം, പങ്കെടുത്ത മറ്റ് ചടങ്ങുകള്‍, ഇതിനൊക്കെ ചെലവാകുന്ന തുക എന്നിവയൊക്കെയാണ് അയ്യൂബ് അലി ആവശ്യപ്പെട്ടത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇതില്‍ ഒരു വിവരവും നല്‍കാനാവില്ലെന്നായിരുന്നു പ്രധാനമന്ത്രി കാര്യാലയത്തില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയത്. 

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇത്തരം വിവരങ്ങളെല്ലാം ഔദ്ദ്യോഗിക വെബ്സൈറ്റ് വഴി നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ എല്ലാ രഹസ്യമാക്കുന്നുവെന്നും കാണിച്ചാണ് പരാതിക്കാര്‍ അപ്പീല്‍ നല്‍കിയത്. ഇതിലാണ് പരാതിക്കാര്‍ക്ക് അനുകൂലമായ വിധിയുണ്ടായിരിക്കുന്നത്.