ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് 16 ദിവസം പിന്നിടുമ്പോഴും ചെന്നൈ അപ്പോളോ ആശുപത്രിയ്‌ക്ക് മുന്നില്‍ തിരക്കൊഴിയുന്നില്ല. ദിവസവും രാവിലെ അമ്മയുടെ അനുയായികള്‍ ആശുപത്രിയ്‌ക്ക് മുന്നില്‍ പൂജയും ആരതിയുമായെത്തും. അപ്പോളോ ഓട്ടോ സ്റ്റാന്‍ഡില്‍ ഡ്രൈവറായ സുകുമാര്‍ ജയലളിത ആശുപത്രിയിലായതിന് ശേഷമാണ് സൗജന്യമായി അപ്പോളോയിലെത്തുന്ന രോഗികള്‍ക്കായി ഓട്ടോ സര്‍വീസ് തുടങ്ങിയത്. എല്ലാം അമ്മയ്‌ക്ക് വേണ്ടിയെന്ന് സുകുമാര്‍ പറയുന്നു.
അതേസമയം, ജയലളിതയുടെ അഭാവത്തില്‍ സംസ്ഥാനത്തെ ഭരണ കാര്യങ്ങളില്‍ ആര് തീരുമാനമെടുക്കുമെന്ന കാര്യത്തില്‍ ഇനിയും പാര്‍ട്ടിയില്‍ സമവായമില്ല. കാവേരി ഉന്നതതല സാങ്കേതിക സമിതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രമുഖ മന്ത്രിമാരെല്ലാം തിരക്കിലാണ്. അതിനാല്‍ ഇന്ന് നേതൃമാറ്റചര്‍ച്ചകള്‍ ചെന്നൈയില്‍ നടക്കാന്‍ സാധ്യതയില്ല. ഇതിനിടെ താല്‍ക്കാലിക മുഖ്യമന്ത്രി വേണമെന്ന ഡി.എം.കെയുടെ ആവശ്യം തള്ളി സഖ്യകക്ഷിയായ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
