കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയത് കെ സുരേന്ദ്രനെ അധ്യക്ഷനാക്കാനാണെന്നായിരുന്നു പ്രധാന വിമര്‍ശനം.
തൃശ്ശൂര്: ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തില് സമവായം അകലെ. തൃശൂരില് ചേര്ന്ന സംസ്ഥാന കോര്കമ്മിറ്റിയിലും ഭാരവാഹിയോഗത്തിലും രൂക്ഷ വിമര്ശനത്തെ തുടര്ന്ന് അഖിലേന്ത്യാ സംഘടന സെക്രട്ടറി ബി.എല് സന്തോഷ് ഇറങ്ങിപ്പോയി.
കേന്ദ്രസര്ക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരണമായിരുന്നു ബി.ജെ.പി സംസ്ഥാന കോര്കമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ടയെങ്കിലും സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള ചര്ച്ചകള്ക്കായിരുന്നു പ്രാമുഖ്യം. രാവിലെ കോര് കമ്മിറ്റി തുടങ്ങിയപ്പോള് തന്നെ അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി.എല് സന്തോഷിനെതിരെ പി.കെ കൃഷ്ണദാസ് വിഭാഗത്തില് നിന്ന് രൂക്ഷവിമര്ശനം ഉയര്ന്നു. കുമ്മനം രാജശേഖരനെ ഗവര്ണറാക്കിയത് കെ സുരേന്ദ്രനെ അധ്യക്ഷനാക്കാനാണെന്നായിരുന്നു പ്രധാന വിമര്ശനം. രാമനെ വനവാസത്തിന് അയച്ച് സ്വന്തം മകനെ രാജാവാക്കാന് ശ്രമിച്ച കൈകേയിയെ പോലെയാണ് സന്തോഷ് പ്രവര്ത്തിച്ചത്. സന്തോഷ് ഒരു വിഭാഗത്തിന്റെ മാത്രം നേതാവായാണ് പ്രവര്ത്തിക്കുന്നത്. കേരളത്തിലെ ബി.ജെ.പിയെ തകര്ക്കുന്നത് സന്തോഷാണെന്നും ഒരു ഘട്ടത്തില് വിമര്ശനം ഉയര്ന്നു. എച്ച് രാജ ഉള്പ്പെടെയുള്ള ദേശീയനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോര്കമ്മിറ്റി.
ഉച്ചയ്ക്കു ശേഷം ചേര്ന്ന സംസ്ഥാന ഭാരവാഹിയോഗത്തിലും സന്തോഷിനെതിരെ വിമര്ശനം തുടര്ന്നു. ഇതോടെ യോഗം തീരും മുമ്പേ സന്തോഷ് ഇറങ്ങിപ്പോയി. കേന്ദ്രനേതൃത്വം ഉചിതമായ തീരുമാനം ഉടനെടുക്കുമെന്നായിരുന്നു വി.മുരളീധരന്റെ നിലപാട്. മുന് അധ്യക്ഷന്മാരായ സി.കെ പത്മനാഭന്, പി.എസ് ശ്രീധരന്പിള്ള എന്നിവര് യോഗങ്ങളില് പങ്കെടുത്തില്ല.
