കൊച്ചി: പ്രമുഖ ചിത്രകാരൻ അശാന്തന്റെ മൃതദേഹം എറണാകുളം ലളിതാ കലാ ആർട്ട് ഗാലറിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതിനെ ചൊല്ലി തർക്കം. ഗാലറിയ്ക്ക് അടുത്തുള്ള എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഭാരവാഹികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആർട്ട് ഗാലറി മുറ്റത്ത് മൃതദേഹം വച്ചാൽ തൊട്ടപ്പുറത്തുള്ള ക്ഷേത്രം അശുദ്ധമാകുമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

അശാന്തന്റെ ഓട്ടേറെ ചിത്രപ്രദർശനങ്ങൾക്ക് വേദിയായിരുന്ന എറണാകുളം ലളിതകലാ ആർട്ട് ഗാലറിയുടെ മുറ്റത്ത് അദ്ദേഹത്തിന്റെ മൃതദേഗം പൊതുദർശനത്തിന് വയ്ക്കണമെന്നത് സുഹൃത്തുക്കളുടെ ആഗ്രഹമായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആർട്ട് ഗാലറിയുടെ മുന്നിൽ പൊതുദർശനത്തിന് വയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ മൃതദേഹം എത്തിയ്ക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് പ്രതിഷേധവുമായി ക്ഷേത്രം ഭാരവാഹികൾ എത്തിയത്. ആരുടെ മൃതദേഹം ആണെങ്കിലും ഗേറ്റിനകത്ത് കയറ്റിയാല്‍ കത്തിക്കുമെന്നും ദര്‍ബാര്‍ ഹാള്‍ രാജവിന്‍റെതായിരുന്നതിനാല്‍ അവിടെ അപ്പോള്‍ എങ്ങനെ എന്ത് നടക്കണമെന്ന് അമ്പലം തീരുമാനിക്കുമെന്നും പറഞ്ഞായിരുന്നു പൊതുദര്‍ശനത്തിനുള്ള സ്ഥലം അലങ്കോലമാക്കിയതെന്ന് ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരോപിച്ചു. അശാന്തന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സ്ഥാപിച്ചിരുന്ന ബാനര്‍ വലിച്ചുകീറി നശിപ്പിക്കുകയും ചെയ്തു. 

ക്ഷേത്രം ഭാരവാഹികളും പൊതുദർശനത്തിനായി എത്തിയവരും തമ്മിൽ വാക്കേറ്റമായതോടെ പൊലീസ് സ്ഥലത്തെത്തി. ഒടുവിൽ അസി കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയില്‍ മൃത‍ദേഹം പിൻവരാന്തയിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശമുണ്ടായത്. ആചാരങ്ങൾക്ക് വിരുദ്ധമായതിനാൽ ക്ഷേത്രത്തിന് മുന്നിൽ മൃതദേഹം വയ്ക്കുന്നതിനെ മാത്രമാണ് എതിർത്തതെന്നാണ് ഭാരവാഹികൾ നൽകുന്ന വിശദീകരണം. മൃതദേഹത്തോട് അനാദരവ് കാട്ടിയിട്ടില്ലെന്നും ഭാരവാഹികൾ പറയുന്നു. അനുശോചന ചടങ്ങിന് ശേഷം അഞ്ച് മണിയോട് കൂടി മൃതദേഹം ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കരിച്ചു.