Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; ഇന്ന് നാലിലൊന്ന് സര്‍വ്വീസ് മുടങ്ങും

ഇന്നലെ 815 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം മാത്രം മേഖലയില്‍ ഇന്നലെ 300 സര്‍വ്വീസുകള്‍ മുടങ്ങി. മുഴുവൻ താൽക്കാലിക കണ്ടക്ടർമാരെയും പിരിച്ചുവിട്ടതായി കെഎസ്ആർടിസി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. 

dismissal of m panel laboures KSRTC in crisis
Author
Thiruvananthapuram, First Published Dec 18, 2018, 7:46 AM IST

തിരുവനന്തപുരം: തൽക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍. സംസ്ഥാനത്ത് ഇന്ന് നാലില്‍ ഒന്ന് സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ഇന്നലെ 815 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം മേഖലയില്‍ മാത്രം ഇന്നലെ 300 സര്‍വ്വീസുകള്‍ മുടങ്ങി. കെഎസ്ആര്‍ടിസി കൂട്ടപിരിച്ചുവിടൽ വടക്കൻ കേരളത്തിലും  സർവീസുകൾ മുടങ്ങും. രാവിലെ തുടങ്ങേണ്ട സർവീസുകളിൽ 10 ശതമാനത്തോളം കുറവ് വന്നതായി അധികൃതർ അറിയിച്ചു. മുഴുവൻ താൽക്കാലിക കണ്ടക്ടർമാരെയും പിരിച്ചുവിട്ടതായി കെഎസ്ആർടിസി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. 

കെഎസ്ആർടിസി, എംഡിയാകും കോടതിയില്‍ സത്യവാങ്‍മൂലം സമർപ്പിക്കുക. പിരിച്ചുവിട്ടില്ലെങ്കിൽ കെഎസ്ആർടിസിയുടെ തലപ്പത്തുളളവരെ തെറിപ്പിക്കുമെന്ന് കോടതി ഇന്നലെ മുന്നറിപ്പ് നൽകിയിരുന്നു. നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് താൽക്കാലിക ജീവനക്കാരും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികളിൽ ഇന്ന് വാദം കേട്ടേക്കും.

ഇന്നലെ തിരുവനന്തപുരം മേഖലയിൽ 300 സർവ്വീസുകള്‍ മുടങ്ങിയപ്പോള്‍, എറണാകുളം മേഖലയിൽ 360 സർവീസും, മലബാർ മേഖലയിൽ 155 സർവ്വീസും മുടങ്ങി. കെഎസ്ആർടിസിക്കെതിരെ ഇന്നലെ രൂക്ഷവിമർശനമുയർത്തിയ ഹൈക്കോടതി ഇന്ന് മുതൽ ഒരു താൽക്കാലിക ജീവനക്കാരൻ പോലും സർവീസിലില്ലെന്ന് ഉറപ്പുവരുത്തണമെന്നും കർശന നിർദേശം നൽകിയിരുന്നു. ഇന്നലെ താൽക്കാലിക ജീവനക്കാർ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

വെറുതേ സമയം നീട്ടിക്കൊണ്ടുപോവുകയാണോ എന്നാണ് കോടതി, കെഎസ്ആർടിസിയോട് ചോദിച്ചത്. പിഎസ്‍സി നിയമിച്ചവർക്ക് ജോലി നൽകുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ ഇനി നടപടി വൈകിയാൽ കെഎസ്ആർടിസിയുടെ തലപ്പത്തുള്ളവർക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനറിയാമെന്നും ഹൈക്കോടതി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.  

എന്നാൽ താൽക്കാലിക ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് കൊടുത്തതായി ഹൈക്കോടതിയെ കെഎസ്ആർടിസി അറിയിച്ചു. അത് പോരെന്നും കെഎസ്ആർടിസി എംഡി തന്നെ നേരിട്ട് സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും കോടതി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് എംഡി കോടതിയില്‍ നേരിട്ടെത്തി സത്യവാങ്‍മൂലം നല്‍കുക. 

അതേസമയം ഹൈക്കോടതി വിധി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയതായി ഇന്നലെ പറഞ്ഞ എംഡി ടോമിൻ തച്ചങ്കരി, ഒരു താൽക്കാലിക ജീവനക്കാരൻ പോലും നിരാശപ്പെടേണ്ടി വരില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 8000 സ്ഥിരം ജീവനക്കാർ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios