ദില്ലി: സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകൾ കെ.വൈ.സി മാനദണ്ഡ‍ം പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് നബാര്‍ഡിന്റെ റിപ്പോര്‍ട്ട്. നബാര്‍ഡ് റിപ്പോര്‍ട്ട് നാളെ ജില്ലാ ബാങ്കുകൾ സുപ്രീംകോടതിയിൽ നൽകും. കെ.വൈ.സി പാലിക്കാതിന്റെ പേരിൽ പിഴ അടക്കേണ്ടിവന്ന 13 ബാങ്കുകൾക്ക് റിസര്‍ബ്ബ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്താത്തതും ജില്ലാ ബാങ്കുകൾ സുപ്രീംകോടതിയെ അറിയിക്കും.

നേരത്തെ എല്ലാ ജില്ലാസഹകരണ ബാങ്കുകളും കെവൈസി മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് നേരത്തെ നബാര്‍ഡിന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കെ.വൈ.സി മാനദണ്ഡം പാലിക്കാത്തതിന്റെ പേരിൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോർപ്പറേഷൻ ബാങ്ക്, കാനറ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്.ഡി.എഫ്.സി തുടങ്ങിയ 13 ബാങ്കുകൾക്ക് 27 കോടി രൂപ ആര്‍.ബി.ഐ പിഴ ചുമത്തിയിരുന്നു. ഈ ബാങ്കുകൾക്ക് ഇടപാടുകൾ നടത്താൻ അനുമതി നൽകിയതിലെ വിവേചനം ജില്ലാ ബാങ്കുകൾ സുപ്രീംകോടതിയെ അറിയിക്കും.

കെ.വൈ.സി പാലിക്കുന്നില്ലെങ്കിൽ അതിനുള്ള നിര്‍ദ്ദേശങ്ങൾ നൽകുന്നതിന് പകരം ദ്രോഹിക്കുകയല്ല വേണ്ടതെന്ന് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് പറഞ്ഞു.കേരളത്തിലെ ബാങ്കുകൾക്കൊപ്പം തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 2 മണിക്കാണ് സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത്. കേരളത്തിലെ ബാങ്കുകൾക്ക് വേണ്ടി കപിൽ സിബൽ ഹാജരാകും.