ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ അനധികൃത നിലം നികത്ത് സംബന്ധിച്ച് വിചിത്രവാദവുമായി സ്ഥലമുടമ. പാർക്കിംഗ് ഗ്രൗണ്ടിനായി നിലം നികത്തിയിട്ടേയില്ലെന്ന് ജില്ലാ കളക്ടറുടെ തെളിവെടുപ്പില്‍ സ്ഥലമുടമ ലീലാമ്മ ഈശോയുടെ അഭിഭാഷകന്‍ വാദിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ ബന്ധുവാണ് ലീലാമ്മ ഈശോ.
അതേസമയം ഇവിടെ അനധികൃത നിലം നികത്തല്‍ നടന്നെന്ന പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. മൂന്ന് അനധികൃത നികത്തുണ്ടെന്ന് 2013 ഫെബ്രുവരിയില്‍ ആര്‍.ഡി.ഓയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് നടപടിയെടുക്കാതെ അന്നത്തെ ജില്ലാ കളക്ടര്‍ പൂഴ്ത്തുകയായിരുന്നു. നികത്താനുള്ള അനുമതി രേഖകള്‍ ഇന്ന് നടന്ന തെളിവെടുപ്പിലും തോമസ് ചാണ്ടിയുടെ കമ്പനിക്ക് ഹാജരാക്കാനായില്ല. അതുകൊണ്ടു തന്നെ ഇനി പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൂര്‍വ്വ സ്ഥിതിതിയലാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകേണ്ടി വരും. തെളിവെടുപ്പിലും അന്വേഷണത്തിലും വ്യക്തമായ കാര്യങ്ങള്‍ വിശദമാത്തി ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ ഇനി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തോമസ് ചാണ്ടി നികത്തിയ മാര്‍ത്താണ്ഡം കായലും കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു.
