ചിന്താവളപ്പ് അപകടത്തിന്‍റെ പശ്ചാതലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ജില്ലാതല യോഗത്തിലാണ് കർശന നടപടി സ്വീകരിക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
കോഴിക്കോട്: ചിന്താ വളപ്പിലുണ്ടായത് അറിഞ്ഞു കൊണ്ടു വരുത്തിവെച്ച ദുരന്തമെന്ന് ജില്ലാ കലക്ടർ യു.വി ജോസ്. മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഈ സ്ഥലത്ത് മണ്ണെടുക്കാൻ മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതിയും ഉണ്ടായിരുന്നില്ല.
ചിന്താവളപ്പ് അപകടത്തിന്റെ പശ്ചാതലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ജില്ലാതല യോഗത്തിലാണ് കർശന നടപടി സ്വീകരിക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. സമാന അവസ്ഥയിലുള്ള നിർമ്മാണങ്ങൾ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. പ്രത്യേക സ്ക്വാഡ് ഇത് പരിശോധിക്കും. എല്ലാ നിർമ്മാണ സ്ഥലങ്ങളിലും തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര് സൂക്ഷിക്കണം. തൊഴില് വകുപ്പ് ഇക്കാര്യം പരിശോധിക്കണം
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില് മരിച്ച രണ്ട് തൊഴിലാളികളുടെയും മൃതദേഹം സ്വദേശമായ ബീഹാറില് എത്തിക്കും. തൊഴിലാളികൾക്ക് നഷ്ട പരിഹാരം കെട്ടിട ഉടമ നൽകുമെന്നറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തുമെന്നും കലക്ടർ പറഞ്ഞു. മണ്ണെടുക്കാൻ കെട്ടിട ഉടമ മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി തേടിയിരുന്നില്ല. സ്ഥലം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കി.
