പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ ചുരിദാറിന് മുകളില്‍ മുണ്ട് ധരിക്കേണ്ടതില്ലെന്ന് ഇന്നലെയാണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിട്ടത്. ഇന്ന് രാവിലെ ചില സ്‌ത്രീകള്‍ ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തിലെത്തി. എന്നാല്‍ എട്ടരയോടെ ഹിന്ദുഐക്യവേദിയും ബ്രാഹ്മണ സഭയും ഇതിനെതിരെ പ്രതിഷേധവുമായി ക്ഷേത്രത്തിലെത്തി. ചുരിദാര്‍  ധരിച്ചെത്തിയ ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ക്ഷേത്രത്തിന് മുന്നിലെ റോ‍ഡും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

ചുരിദാര്‍ ധരിക്കാമെന്ന നിര്‍ദ്ദേശത്തിനെതിരെയാണ് ചിലര്‍ പ്രതിഷേധിച്ചതെങ്കില്‍ മറ്റൊരുവിഭാഗത്തിന്റെ ആരോപണം വേണ്ടത്ര ചര്‍ച്ചയില്ലാതെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഏകപക്ഷീയമായി ഉത്തരവിട്ടെന്നാണ്. ക്ഷേത്രം ഭരണസമിതി അംഗവും തിരുവനന്തപുരം മുന്‍ ജില്ലാ കലക്ടറുമായ ബിജുപ്രഭാകറും ആവശ്യമായ ചര്‍ച്ച നടന്നില്ലെന്ന് വിമര്‍ശിച്ചു. പ്രതിഷേധം ശക്തമായതോടെ ഭരണസമിതി അധ്യക്ഷനായ ജില്ലാ ജഡ്ജി ഹരിപാല്‍ എക്‌സിക്യുട്ടീവ്  ഓഫീസറുടെ ഉത്തരവ് മരവിപ്പിച്ചു. പിന്നാലെ സമരം നിര്‍ത്തി. എന്നാല്‍ കോടതി നിര്‍ദ്ദേശപ്രകാരം ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയശേഷമാണ് ഉത്തരവിട്ടതെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള എല്ലാകാര്യങ്ങളും കോടതിയെ അറിയിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഈ വിഷയത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസറുടെ തീരുമാനത്തിനൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍. കാലോചിതമായ മാറ്റം വരുത്തണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രം ഭരണസമിതിയും എക്‌സിക്യുട്ടീവ് ഓഫീസറും തമ്മില്‍ ഏറെനാളായി നിലനില്‍ക്കുന്ന ഭിന്നതയും ചുരിദാര്‍ വിവാദത്തിന്റെ മറ്റൊരു കാരണമാണ്.