തൃശൂര്‍: കൊരട്ടിയില്‍ ജഡ്ജിയുടെ കാര്‍ ഉരസിയ സംഭവത്തില്‍ ആറംഗ കുടുംബത്തെ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഉയര്‍ന്ന റാങ്കിലുള്ള ഉദ്ദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ജഡ്ജിയുടെ കാര്‍ ഉരസിയത് ചോദ്യം ചെയ്തതിന് ആറ്മണിക്കൂറിലേറെ കൈക്കുഞ്ഞും വൃക്കരോഗിയും അടങ്ങുന്ന ആറംഗ കുടുംബത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി തടഞ്ഞുവച്ചത്. ഒടുവില്‍ പെറ്റികേസ് പോലും ഇല്ലാതെ കുടുംബത്തെ വിട്ടയക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് വടക്കഞ്ചേരി സ്വദേശി നിഥിനും, രണ്ടുവയസുകാരി മകളും, വൃക്കരോഗിയായ അച്ഛനും അടങ്ങുന്ന ആറംഗ കുടുംബത്തിന് ദുരനുഭവം നേരിട്ടത്.

ദേശീയപാതയില്‍ കൊരട്ടിക്ക് അടുത്തുവച്ച് ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്ത കാര്‍, നിഥിനും കുടുംബവും യാത്ര ചെയ്ത കാറില്‍ ഉരസുകയും നിര്‍ത്താതെ പോകുകയും ആയിരുന്നു. കെ എല്‍ 07, CH 8485 എന്ന കാറില്‍ ജില്ലാ ജഡ്ജി എന്ന ബോര്‍ഡ് ഉണ്ടായിരുന്നു. അടുത്ത സിഗ്‌നലില്‍ വച്ച്, കാര്‍ ഉരസിയിട്ട് നിര്‍ത്താതെ പോയതെന്തെന്ന നിഥിന്‍റെ ഒരു ചോദ്യമാണ് ആറ് മണിക്കൂറിലേറെ നേരം മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി ഇവരെ പിടിച്ചുവയ്ക്കാന്‍ ഇടയാക്കിയത്.