കൊച്ചി: സിവിൽ കോടതി വിധിയില്ലാതെ സഭ കോടതികൾ വിവാഹ മോചനം അനുവദിക്കാറില്ലെന്ന് കത്തോലിക്ക സഭ. വർഷങ്ങളായി ഈ രീതി തുടരുന്നതിനാൽ സുപ്രീംകോടതി വിധി ബാധിക്കില്ലെന്നും കത്തോലിക്ക സഭ വക്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സഭാക്കോടതി നൽകുന്ന വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കത്തോലിക്ക സഭ രംഗത്തെത്തിയത്. സിവിൽ കോടതിയിൽ നിന്ന് വിവാഹമോചനം നേടിയാൽ മാത്രമേ സഭാ കോടതികളും വിവാഹമോചനം അനുവദിക്കാറുള്ളൂ. ഇത് വർഷങ്ങളായി അനുവർത്തിക്കുന്നതാണെന്നും കത്തോലിക്ക സഭ വക്താവ് ഫാദർ.ജിമ്മി പൂച്ചക്കാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സിവിൽ കോടതി അനുവദിച്ചാലും സഭാകോടതി വിവാഹമോചനം നൽകാറില്ല. കനോൺ നിയമത്തിന് അനുസൃതമായാണ് സഭ വിവാഹമോചനം അനുവദിക്കുന്നത്. കൂടാതെ സുപ്രീംകോടതിയുടേത് അന്തിമ വിധിയല്ലെന്നും ഒരു പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോള്‍ നടത്തിയ പരാമർശമാണെവന്നും ഫാ.പൂച്ചക്കാട്ട് അഭിപ്രായപ്പെട്ടു. 
കര്‍ണാടകയിലെ കാത്തോലിക് അസോസിയേഷന്റെ മുൻ പ്രസിഡന്‍റ് പയസ് നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് സഭാക്കോടതി നൽകുന്ന വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.