തഹസിൽദാര്‍ ഏറ്റെടുത്ത പുറമ്പോക്ക് സ്വകാര്യ വ്യക്തിക്ക് വിട്ട് കൊടുത്ത് സബ് കളക്ടർ

First Published 19, Mar 2018, 9:46 AM IST
divya s iyyer gives accquired land to private party
Highlights
  • തഹസിൽദാര്‍ ഏറ്റെടുത്ത പുറമ്പോക്ക് സ്വകാര്യ വ്യക്തിക്ക് വിട്ട് കൊടുത്ത് സബ് കളക്ടർ
  • നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് ഭൂമി വിട്ടുകൊടുത്തതെന്ന് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍

തിരുവനന്തപുരം: വര്‍ക്കലയിൽ തഹസിൽദാര്‍ ഏറ്റെടുത്ത ആറ്റ് പുറമ്പോക്ക് സ്വകാര്യ വ്യക്തിക്ക് വിട്ട് കൊടുത്ത സബ് കളക്ടറുടെ നടപടി വിവാദത്തിൽ. പഞ്ചായത്ത് ഭരണസമിതിയുടെ പരാതിയെ തുടർന്ന് കലക്ടർ ഫയലുകൾ വിളിപ്പിച്ചു. അതേസമയം നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് ഭൂമി വിട്ടുകൊടുത്തതെന്നാണ് സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ വിശദീകരണം. 

വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലാണ് വിവാദ ഭൂമി. നിയമം അനുസരിച്ച് നോട്ടീസ് നൽകി നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കിയായിരുന്നു ഏറ്റെടുക്കൽ. റോഡരികിലെ കണ്ണായ ഭൂമിയിൽ പൊലീസ് സ്റ്റേഷൻ പണിയാനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നതിനിടെയാണ് സ്ഥലമുടമ ജെ ലിജി ഹൈക്കോടതിയെ സമീപിച്ചത്. തഹസിൽദാറുടെ നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപത്തിൽ പരാതിക്കാരിയെ കൂടി കേട്ട് തീര്‍പ്പാക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാൽ തഹസിൽദാറുടെ നടപടി അപ്പാടെ റദ്ദാക്കാനായിരുന്നു സബ് കളക്ടറുടെ തീരുമാനം. 


റീ സര്‍വ്വെ 227 ൽ പെട്ട 27 സെന്റിനെ ചൊല്ലിയാണ് തര്‍ക്കം. തഹസിൽദാറുടെ നടപടി റദ്ദാക്കുന്ന സബ്കളകര്ടറുടെ ഉത്തരവിൽ ഇതെ കുറിച്ച് വ്യക്തമായൊന്നും പറയുന്നില്ല. തീരുമാനമെടുക്കും മുൻപ് തഹസിൽദാറെ കേൾക്കാൻ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. അതേ സമയം കയ്യേറ്റമെന്ന് തെളിയിക്കുന്ന രേഖകൾ ഹാജറാക്കാൻ താലൂക്ക് ഓഫീസിന് കഴിഞ്ഞില്ലെന്നും ലഭ്യമായ രേഖകളെല്ലാം പരിശോധിച്ച് തന്നെയാണ് ഉത്തരവിറക്കിയതെന്നുമാണ് സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ വിശദീകരണം. പരാതിയെ തുടര്‍ന്ന് ഫയലുകൾ വിളിപ്പിച്ച് പരിശോധിച്ച് വരികയാണെന്ന് ജില്ലാ കളക്ടര്‍ വാസുകി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

loader