ദീപാവലി ഇങ്ങെത്തിയപ്പോള്‍ സംസ്ഥാനത്തെ പടക്കവിപണിയും സജീവമായി. നാടന്‍പടക്കങ്ങളുടെ കാതടപ്പിക്കും ശബ്ദങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും വര്‍ണം വിതറുന്ന ന്യൂജെന്‍പടക്കങ്ങള്‍ വിപണി കീഴടക്കിക്കഴിഞ്ഞു. പഴയതുപോലെയല്ല പടക്കക്കടകളിലെത്തുന്ന കുഞ്ഞു ബ്രോസിനെ പട്ടാസും കമ്പിത്തിരിയും മാത്താപ്പൂവും കാട്ടി തൃപ്തിപ്പെടുത്തനാകില്ല, പടക്കവിപണിയിലുമുണ്ട് ഒരു ന്യൂജെന്‍ ടച്ച്. ചൂളമടിച്ചുയരുന്ന റോക്കറ്റ് മുതല്‍ പീലിവിടര്‍ത്തുന്ന പൂത്തിരിവരെയുണ്ട് ഇത്തവണ ദീപാവലിക്ക്. നാടന്‍ പടക്കങ്ങളുടെ കാതടപ്പന്‍ ശബ്ദങ്ങളോടല്ല മറിച്ച് ഫാന്‍സി പടക്കങ്ങളോടാണ് എല്ലാവര്‍ക്കും പ്രിയം. 10 രൂപയില്‍ തുടങ്ങുന്ന മിന്‍മിനി മുതല്‍ ട്രെയിന്‍ ചിപ്പുട്ട് വരെ... 1500 രൂപയുടെ കളര്‍ സ്‌മോക്ക് മുതല്‍ ചുന്‍മുന്‍ വരെ സര്‍വത്ര വെറൈറ്റി.

പുറ്റിങ്ങല്‍ വെടിക്കെട്ടിനുശേഷം തെക്കന്‍ ജില്ലകളില്‍ നാടന്‍ പടക്കങ്ങളോടുള്ള താല്‍പര്യം തീരെയില്ലാതായെന്ന് വ്യാപാരികള്‍ ഒന്നടങ്കം പറയുന്നു. മറിച്ച് അധികം ശബ്ദമില്ലാത്തതും സുരക്ഷിതവുമായ ചൈനീസ് പടക്കങ്ങളോടാണ് എല്ലാവര്‍ക്കും പ്രിയം. മറ്റുള്ളവയെ അപേക്ഷിച്ച് വിലയും കുറവ്.

എന്നാലും മാലപ്പടക്കവും സരസ്വതിയും മത്താപ്പൂവും തീരെയില്ലാതായിട്ടുമില്ല, പക്ഷേ മാരിയപ്പന്‍! തങ്കവേലുവും മര്‍ലിന്‍ മണ്‍റോയും വിന്‍ഡീസലുമൊക്കെയാണ് അവിടെയും താരങ്ങള്‍.