മാറുതുറക്കല്‍ സമരത്തിന് നേരെ ഇരട്ടത്താപ്പാണെന്ന് രഹന ഫാത്തിമ

ഫേസ്ബുക്കില്‍ വിവാദമായ മാറ് തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആക്ടിവിസ്റ്റ് ദിയ സന പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇപ്പോള്‍ ഫേസ്ബുക്കിലില്ല. വിവാദ പോസ്റ്റിന് നേരെ ആക്രമണങ്ങളും അതേസമയം പിന്തുണയും വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പോസ്റ്റ് നീക്കം ചെയ്തത്. ഫേസ്ബുക്കിന്റെ നിര്‍ദ്ദേശ പ്രകാരം ആ ചിത്രങ്ങള്‍ നീക്കം ചെയ്യേണ്ടി വരികയായിരുന്നുവെന്ന് പോസ്റ്റ് ചെയ്ത ദിയ പറയുന്നു. 

ചിത്രങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യും എന്ന് അറിയിച്ചതിനെ തുടര്‍ന്ന് അത് പിന്‍വലിക്കുകയായിരുന്നു ദിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ കൂടുതല്‍ സ്ത്രീകള്‍ മാറു തുറക്കല്‍ സമരത്തിനൊപ്പം ചേരാന്‍ മുന്നോട്ട് വരുന്നുണ്ട്. ഇവരെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് ദിയ പറഞ്ഞു.

പോസ്റ്റ് നല്‍കിയതിന് ശേഷം സോഷ്യല്‍മീഡിയയിലും അല്ലാതെയും തങ്ങള്‍ക്ക് നേരെ അസഭ്യം ഉയരുന്നുണ്ട്. ചുംബന സമരത്തിനും ചങ്ങല സമരത്തിനും പങ്കെടുത്ത ഘട്ടങ്ങളില്‍ നേരിട്ട് ഉപദ്രവിക്കാനുള്ള ശ്രമങ്ങളടക്കം ഉണ്ടായിരുന്നുവെന്നും ദിയ വ്യക്തമാക്കി.മാറു തുറക്കല്‍ സമരം എന്ന ഹാഷ്ടാഗോടെ നടിയും ആക്ടിവിസ്റ്റുമായ രഹനെയുടെ മാറ് തുറന്നുള്ള ചിത്രമാണ് ദിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നേരത്തേയും ഇത്തരം അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രഹന പ്രതിഷേധം നടത്തിയിരുന്നു. 

അതേസമയം ഫറൂഖ് കോളേജ് അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന് മറുപടിയായി ഫേസ്ബുക്കില്‍ ആരംഭിച്ച മാറുതുറക്കല്‍ സമരത്തിന് നേരെ ഇരട്ടത്താപ്പാണെന്ന് രഹന ഫാത്തിമ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പ്രതികരിച്ചു. മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രത്തെ പിന്തുണച്ചവര്‍ എന്നാല്‍ മാറുതുറക്കല്‍ പ്രതിഷേധത്തെ ലൈംഗികത മാത്രമായാണ് കാണുന്നതെന്നും രഹന പറഞ്ഞു.

പുരുഷ ശരീരം ആഘോഷിക്കപ്പെടുമ്പോള്‍ സ്ത്രീയ്ക്ക് സ്വന്തം ശരീരത്തിന് മേല്‍ സ്വാതന്ത്ര്യമില്ല. അവര്‍ നിശ്ചയിക്കുന്ന പരിധിക്കുള്ളില്‍നിന്ന് മാത്രമേ സ്ത്രീ എന്തും ചെയ്യാന്‍ പാടുള്ളൂ എന്നും അതിനപ്പുറമായാല്‍ ലൈംഗികത മാത്രമാണെന്ന് കരുതുന്നതും അവരുടെ പരിമിതിയാണ്. സ്ത്രീ ശരീരം അവളുടെ സ്വാതന്ത്ര്യമാണ്. പുരുഷന്മാര്‍ എന്തിന് സ്ത്രീ ലൈംഗികതയെ ഭയപ്പെടണമെന്നും രഹന ചോദിക്കുന്നു. 

ചുംബന സമരത്തിുന് തുല്യമായി പൊതു ഇടത്തിലൊരു പ്രതിഷേധത്തെ കുറിച്ച് നിലവില്‍ ആലോചിച്ചിട്ടില്ല. മുമ്പ് ജാതീയതയ്‌ക്കെതിരെ മാറ് മറയ്ക്കല്‍ സമരം നടത്തേണ്ടി വന്നെങ്കില്‍ ഇന്ന് സ്വന്തം ശരീരത്തിന്റെ സ്വാതന്ത്രത്തിനായി മാറ് തുറന്ന് പൊതുമധ്യത്തില്‍ സമരം ചെയ്യേണ്ടി വരിക എന്നത് സ്ത്രീയുടെ ഗതികേടാണ്. ഈ സമൂഹത്തില്‍ തന്റെ ശരീരത്തില്‍ സ്വാതന്ത്ര്യമില്ലാതാകുന്നതുകൊണ്ടാണത്. നിലവില്‍ ധാരാളം പേര്‍ ഇത്തരം ചിത്രങ്ങള്‍ പങ്കുവയ്ക്കാനും ലിംഗവ്യത്യാസമില്ലാതെ ജീവിക്കാനും തുടങ്ങിയിരിക്കുന്നു എന്നത് വലിയ മാറ്റമാണെന്നും രഹന പറഞ്ഞു.