കരുണാനിധിയുടെ സംസ്കാരസ്ഥലത്തെച്ചൊല്ലി തര്‍ക്കം. കരുണാനിധിയുടെ മൃതദേഹം സംസ്കരിക്കാന്‍ ചെന്നൈ മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കാവേരി ആശുപത്രിക്ക് മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധം ഉയരുകയാണ്. എന്നാൽ മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്കാരസ്ഥലത്തെച്ചൊല്ലി തര്‍ക്കം. കരുണാനിധിയുടെ മൃതദേഹം സംസ്കരിക്കാന്‍ ചെന്നൈ മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കാവേരി ആശുപത്രിക്ക് മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധം ഉയരുകയാണ്. എന്നാൽ മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.എം.കെ നേതാക്കൾ മുഖ്യമന്ത്രി അടക്കമുള്ളവരെ കണ്ടെങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. രാത്രിതന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ഡിഎംകെയുടെ തീരുമാനം.
നിലവിൽ, ഗിണ്ടി ഗാന്ധിമണ്ഡപത്തിലാണ് കരുണാനിധിയുടെ സംസ്കാരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി രണ്ട് ഏക്കർ സ്ഥലം ഗാന്ധിമണ്ഡപത്തിന് സമീപം അനുവദിച്ചിട്ടുണ്ട്. എന്നാൽ മുൻമുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം മറീനാ ബീച്ചിൽ അടക്കിയത് പോലെ കരുണാനിധിയുടെ മൃതദേഹവും സംസ്ക്കരിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
അതേസമയം, അല്‍പസമയത്തിനകം കരുണാനിധിയുടെ ഭൗതികശരീരം ഗോപാലപുരത്തെ വീട്ടിലെത്തിക്കും. രാത്രി ഒരു മണി വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നാലെ, പുലര്‍ച്ചെ മൂന്ന് മണി വരെ സിഐടി കോളനിയിലും അതിന് ശേഷം നാല് മണിയോടെ രാജാജി ഹാളിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, നേതാക്കളായ മുകുൾ വാസ്നിക്, ഗുലാം നബി ആസാദ്, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി തുടങ്ങിയവർ നാളെ എത്തുന്നുണ്ട്.
