ശനിയാഴ്ച തമിഴ്‌നാട് നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് പ്രതിപക്ഷപാര്‍ട്ടിയായ ഡിഎംകെയുടെ നീക്കം. പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതിപക്ഷത്തെ ബലം പ്രയോഗിച്ച് പുറത്താക്കിക്കൊണ്ട് നടത്തിയ വിശ്വാസവോട്ടെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യമുന്നയിച്ചിരിയ്ക്കുന്നത്. വോട്ടെടുപ്പ് നീട്ടിവെയ്ക്കുകയോ രഹസ്യബാലറ്റ് നടത്തുകയോ ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയെന്നും ജനാധിപത്യരീതിയിലല്ല വോട്ടെടുപ്പ് നടന്നതെന്നും സ്റ്റാലിന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
ഇന്നലെ ഗവര്‍ണറെ കണ്ട് സ്റ്റാലിനും അണ്ണാ ഡിഎംകെ വിമതനേതാവ് ഒ പനീര്‍ശെല്‍വവും പരാതി നല്‍കിയതിനെത്തുടര്‍ന്ന് നിയമസഭാ സെക്രട്ടറിയോട് സി വിദ്യാസാഗര്‍ റാവു റിപ്പോര്‍ട്ട് തേടിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പന്ത്രണ്ടരയോടെ സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റെടുത്തു. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം സ്ഥാനമൊഴിഞ്ഞ ശേഷം സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ തീര്‍ത്തും അനിശ്ചിതത്വത്തിലായിരുന്നു. വരള്‍ച്ചയും കര്‍ഷക ആത്മഹത്യകളും കാവേരി നദീജലപ്രശ്‌നവും ജിഎസ്ടിയും ഉള്‍പ്പടെ ജനകീയപ്രശ്‌നങ്ങളിലും ഭരണകാര്യങ്ങളിലുമുള്ള പ്രതിസന്ധികള്‍ എടപ്പാടിയ്ക്ക് മുന്നിലെ വെല്ലുവിളികളാണ്.
ഇതിനിടെ മെയ് 15 നുള്ളില്‍ തമിഴ്‌നാട്ടില്‍ തദ്ദേശഭരണതെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നടന്ന രാഷ്ട്രീയ നാടകങ്ങളോടുള്ള ജനങ്ങളുടെ ആദ്യത്തെ വിധിയെഴുത്താകും തദ്ദേശഭരണതെരഞ്ഞെടുപ്പ്. ഭിന്നതയില്‍ ഉഴലുന്ന അണ്ണാ ഡിഎംകെയും ഭരണവിരുദ്ധവികാരം മുതലെടുക്കുന്ന ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ ബലാബലം കൂടിയാകും ഇത്.
