ചെന്നൈ: എഐഎഡിഎംകെയില്‍ ഉണ്ടായ പ്രതിസന്ധി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആലോചനയിലാണ് ഡിഎംകെ. വിമതസ്വരം ഉയര്‍ത്തുന്നവരെ കൂട്ടുപിടിച്ച് അധികാരത്തിലെത്താം എന്നാണ് ഡിഎംകെ കണക്ക് കൂട്ടല്‍. 234 അംഗ തമിഴ്നാട് നിയമസഭയില്‍ മുഖ്യ പ്രതിപക്ഷമായ ഡിഎംകെയ്ക്ക് 89 അംഗങ്ങളാണുള്ളത്. സഖ്യപാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും എംഎല്‍എമാരെ കൂടി ചേര്‍ത്തുവെച്ചാല്‍ ഇത് 98 ആവും.

ഭരണം പിടിക്കണമെങ്കില്‍ ഇനിയും ഇരുപതോളം എംഎല്‍എമാരെ സ്വന്തം ചേരിയിലേക്ക് കൊണ്ടുവരണം. കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു പാര്‍ട്ടിയിലെ മൂന്നിലൊന്ന് സാമാജികരെങ്കിലും പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയില്ലെങ്കില്‍ എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെടും. ചുരുക്കിപ്പറഞ്ഞല്‍ ഭരണം മാറണമെങ്കില്‍ 45 എഐഎഡിഎംകെ എംഎല്‍എമാരെങ്കിലും മറുകണ്ടം ചാടി ഡിഎംകെയ്‌ക്ക് ഒപ്പം ചേരണം.

ഇതൊന്നും എളുപ്പമല്ല. എഐഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറിയെ ഈമാസം നടക്കുന്ന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുക്കും. കൗണ്‍സില്‍ തീരുമാനം അംഗീകരിക്കാന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം എഎല്‍എമാര്‍ തയ്യാറായില്ലെങ്കില്‍ അവരെ ഒരുമിച്ചു നിര്‍ത്തി ഭരണം പിടിക്കുക എന്നതായിരിക്കും ഡിഎംകെ തന്ത്രം.

പാര്‍ട്ടിയുടെ താഴെതട്ട് മുതല്‍ പ്രവര്‍ത്തിച്ച് ഉപ മുഖ്യമന്ത്രി പദം വരെയെത്തിയ സ്റ്റാലിന് നിലവിലെ സാഹചര്യത്തില്‍ ആത്മവിശ്വാസത്തോടെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങാനാകും. അതേസമയം ജയലളിതയില്ലാത്ത എഐഡിഎംകെയുടെ രാഷ്‌ട്രീയ അതിജീവനം എത്തരത്തിലാകുമെന്ന ചോദ്യത്തിനുത്തരം കാലം തന്നെ നല്‍കേണ്ടിവരും.