വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരുക്കങ്ങൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തിരുവനന്തപുരത്ത് എത്തും
തിരുവനന്തപുരം: കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി ബി ജെ പി. ഇതിന്‍റെ ആദ്യപടിയായി ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിയും തിരുവനന്തപുരത്തേക്ക് എത്തുന്നു. ജനുവരി 11 ഞായറാഴ്ചയാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുക. എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിയുള്ള പ്രവർത്തനത്തിനാണ് ബി ജെ പി ഇക്കുറി മുൻതൂക്കം നൽകുന്നത്. മിഷൻ 2026 ൽ 35 സീറ്റുകളിലാണ് ബി ജെ പി പ്രധാനമായും കണ്ണുവയ്ക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒന്നാമതും രണ്ടാമതുമെത്തിയ മണ്ഡലങ്ങളും കാര്യമായ നിലയിൽ വോട്ട് നേടിയ മണ്ഡലങ്ങളുമാകും ഇവ. ഭരണം പിടിക്കുന്നതിനപ്പുറം 2026 ൽ കേരളം ആര് ഭരിക്കണമെന്ന് തീരൂമാനിക്കുന്ന നിലയിൽ വളരുക എന്നതാണ് 35 സീറ്റുകളിൽ വലിയ ശ്രദ്ധ വെച്ചുള്ള ബി ജെ പി തന്ത്രം.
മോദിയുടെ വമ്പൻ പ്രഖ്യാപനമുണ്ടാകുമോ?
ജനുവരി 11 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ബി ജെ പി കോർ കമ്മിറ്റി യോഗത്തിലും തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച കൗൺസിലർമാരുടെ യോഗത്തിലും പങ്കെടുക്കും. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ, മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രധാന നേതാക്കളെല്ലാം യോഗത്തിൽ സംബന്ധിക്കും. ഷായ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തലസ്ഥാനത്ത് എത്തും. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപറേഷനിൽ ബി ജെ പി ഭരണം നേടിയതിൽ, തലസ്ഥാന ജനതയെ അടക്കം പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനുള്ള സാധ്യതയാണ് കാണുന്നത്. തലസ്ഥാനത്ത് പ്രധാനമന്ത്രി വമ്പൻ പ്രഖ്യാപനം നടത്തുമോയെന്നും ആകാംക്ഷയുണ്ട്.
അതേസമയം മോദിയെ ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പ്രചരണം തന്നെയാകും സംസ്ഥാനത്ത് ബി ജെ പി പിന്തുടരുക. മോദിയെ മുഖമാക്കുന്നതിലൂടെ അക്കൗണ്ട് തുറക്കുന്നതിനപ്പുറം കൂടുതൽ സീറ്റുകൾ നേടാം എന്നതാണ് സംസ്ഥാന ബി ജെ പിയുടെ പ്രതീക്ഷ. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ, കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രധാന നേതാക്കളെ സ്ഥാനാര്‍ഥികളാക്കാൻ ഏറെക്കുറെ ധാരണയായിട്ടുണ്ട്. നേമത്ത് മത്സിരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആദ്യം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് വി മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്. കെ സുരേന്ദ്രന്‍റെ പേര് പാലക്കാടാണ് സജീവ പരിഗണനയിലുള്ളത്. ശോഭ സുരേന്ദ്രന്‍റെ പേര് കായംകുളത്താണ് പരിഗണിക്കുന്നത്.


