മത്സ്യ മാര്‍ക്കറ്റുകളില്‍ നിരന്തര പരിശോധന നടത്തണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല സിഐഎഫ്റ്റി വിതരണം ചെയ്യുന്ന പരിശോധനാ കിറ്റുകളുടെ ലഭ്യതകുറവാണ് കാരണം

കോഴിക്കോട്: സംസ്ഥാനത്തെ മത്സ്യ മാര്‍ക്കറ്റുകളില്‍ നിരന്തര പരിശോധന നടത്തണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല. സിഐഎഫ്റ്റി വിതരണം ചെയ്യുന്ന പരിശോധനാ കിറ്റുകളുടെ ലഭ്യതകുറവാണ് കാരണം. മീന്‍ പിടിക്കുന്നത് മുതല്‍ ഉപഭോക്താവിന് നല്‍കുന്നത് വരെ അഴുകാതെ സൂക്ഷിക്കാന്‍ വന്‍കിട ബോട്ടുകളിലും മാര്‍ക്കറ്റുകളിലും കോള്‍ഡ് ചെയിന്‍ സംവിധാനവുമില്ല.

നിലവില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് മാത്രമാണ് മീനുകള്‍ നിരന്തരമായി പരിശോധിക്കുന്നത്. വയനാട് ജില്ലയിലുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലാവട്ടെ പരിശോധന പോലുമില്ല. സംസ്ഥാനത്താകെ അയ്യായിരത്തോളം മത്സ്യ മാര്‍ക്കറ്റുകളുണ്ട്. ഇവിടെയൊക്കെ നിരന്തര പരിശോധന നടത്തണമെന്നാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശം. പക്ഷേ നിരന്തര പരിശോധന നടക്കുന്നില്ല. പലയിടങ്ങളിലും ഫോര്‍മലിന്‍ പരിശോധനാ കിറ്റുകള്‍ ലഭിക്കാത്തതാണ് കാരണം.

ഇത് കോഴിക്കോട്ടെ മാത്രം പ്രശ്നമല്ല. കാസര്‍ക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലെല്ലാം ഇത് തന്നെയാണ് അവസ്ഥ. മീന്‍ പിടിക്കുന്നത് മുതല്‍ ഉപഭോക്താക്കളില്‍ എത്തുന്നത് വരെ കുറഞ്ഞത് നാല് ഡിഗ്രിയെങ്കിലും തണുപ്പില്‍ സൂക്ഷിച്ചാല്‍ മാത്രമേ മീനുകള്‍ കേടാകാതിരിക്കൂ. ഒരു കിലോ മീന്‍ സൂക്ഷിക്കാന്‍ ഒരു കിലോ ഐസ് വേണമെന്നാണ് ശാസ്ത്രീയ കണക്ക്. ഇത് പാലിക്കപ്പെടുന്നില്ല. രണ്ടാഴ്ച മുതല്‍ ഒരു മാസം വരെ പഴക്കമുള്ള മീനുകളാണ് ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തുന്നവയില്‍ പകുതിയുമെന്ന് മൊത്ത വില്‍പ്പനക്കാര്‍ തന്നെ പറയുന്നു. ഇത്രയും കാലം മീന്‍ എങ്ങനെ കേടാകാതെ സൂക്ഷിക്കുന്നു എന്നതാണ് ഉയരുന്ന ചോദ്യം.