സ്ത്രീകളെ ആശുപത്രിയിയില്‍ പൂട്ടിയിട്ട് വാടക ഗര്‍ഭധാരണത്തിന് വിധേയമാക്കിയ സംഭവത്തില്‍ നവജാത ശിശുക്കളെ കൈമാറ്റം ചെയ്യരുതെന്ന് ഹൈദരാബാദ് ഹൈക്കോടതി ഉത്തരവിട്ടു. അമ്മമാരെയും നവജാത ശിശുക്കളെയും തല്‍ക്കാലം ആശുപത്രി അധികൃതര്‍ തന്നെ സംരക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഹൈദരാബാദിലെ കിരണ്‍ ഇന്‍ഫെര്‍ട്ടിലിറ്റി സെന്‍റര്‍ എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ മാസം നടന്ന പോലീസ് റെയ്ഡിലാണ് വാടക ഗര്‍ഭധാരണത്തിന് തയ്യാറായ 48 സ്ത്രീകളെ പൂട്ടിയിട്ടതായി കണ്ടെത്തിയത്. ഇടനിലക്കാരെ നിര്‍ത്തി 30 ലക്ഷം മുതല്‍ 48 ലക്ഷംവരെയാണ് ഉപഭോക്താക്കളുടെ കയ്യില്‍ നിന്ന് വാടക ഗര്‍ഭധാരണത്തിന് ആശുപത്രി അധികൃതര്‍ വാങ്ങിയിരുന്നത്. ഇതില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാണ് വാടക ഗര്‍ഭധാരണത്തിന് തയ്യാറാകുന്ന സ്ത്രീകള്‍ക്ക് നല്‍കിയിരുന്നത്. ഈ സ്ത്രീകളുടെ നവജാതശിശുക്കളെ കൈമാറ്റം ചെയ്യെരുതെന്നാണ് ഹൈദരാബാദ് ഹൈക്കോടതി ഉത്തരവിട്ടത്. നവജാതശിശുക്കളെ ക്ളിനിക്ക് ആധികൃതര്‍ സംരക്ഷിക്കുകയും വേണം

സ്വന്തം ഇഷ്ട പ്രകാരമാണ് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നതെന്ന് പല സ്ത്രീകളും പറയുന്നുണ്ടെങ്കിലും പണത്തിന് വളരെ അത്യാവശമുള്ളരെ മുതലെടുക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ക്ളിനിക്കിന്‍റെ രണ്ടാം നിലയിലായിരുന്നു ഇവര്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയിരുന്നത്. ഇവര്‍ക്കുവേണ്ട ഭക്ഷണവും മരുന്നും ഇവിടെവെച്ചായിരുന്നു നല്‍കുന്നത്. ക്ളിനിക്കില്‍ നിന്ന് പോകാന്‍ സ്ത്രീകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്ത്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ വ്യക്തത ആവശ്യപ്പെട്ട് തെലങ്കാന വനിതാ കമ്മീഷന്‍ ജീല്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും പോലീസിനും കത്തെഴുതിയിട്ടുണ്ട്.