ദില്ലി: നിങ്ങള്‍ ഒരു ഇന്ത്യനാണെന്ന് സ്വയം കരുതുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളള. അജണ്ട ആജ്തക് അവതാരകന്‍ പുണ്യ പ്രസൂന്‍ ബാജ്‌പേയ് ആണ് ടിവി ഷോയ്ക്കിടെ ഫാറൂഖ് അബ്ദുള്ളയോട് ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.
ചോദ്യം കേട്ട് പൊട്ടിത്തെറിച്ച അദ്ദേഹം കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കി. താങ്കള്‍ക്ക് അതില്‍ സംശയമുണ്ടോ,ഞാന്‍ ഒരു ഇന്ത്യക്കാരനാണ്; ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.
നിങ്ങള്‍ക്കാണോ അതോ ജനങ്ങള്‍ക്കാണോ താന്‍ ഇന്ത്യനാണോ എന്ന കാര്യത്തില്‍ സംശയമുള്ളതെന്നും അദ്ദേഹം തിരിച്ചടിച്ചു. ഇത്തരമൊരു ചോദ്യം ചോദിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് ആരാണ് നല്‍കിയത് എന്ന് രോഷാകുലനായ അബ്ദുള്ള നിങ്ങള്‍ ഒരു മനശാസ്ത്രജ്ഞനെ കാണുന്നത് നല്ലതായിരിക്കും എന്ന ഉപദേശം നല്‍കിയാണ് സംസാരം അവസാനിപ്പിച്ചത്.

