പാലക്കാട്: 17 വയസുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു. തൃശൂര്‍ സ്വദേശിയും പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫെസറും ആയ ഡോ. നവീന്‍ കുമാര്‍ ആണ് മരിച്ചത്. 17കാരനെതിരെ പോലീസ് കേസെടുത്തു.

പാലക്കാട് നഗരത്തില്‍ ചക്കാന്തറയില്‍ വെച്ചാണ് ഡോ. നവീനും ഭാര്യ ഡോക്ടര്‍ ജയശ്രീയും മകനും സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍, അമിത വേഗത്തില്‍ വന്ന കാര്‍ ഇടിക്കുന്നത്. കാര്‍ നിര്‍ത്താതെ സമീപത്തെ നടപ്പാതയിലേക്കും ഇടിച്ചു കയറി. കുറിശ്യാംകുളം സ്വദേശിയായ 17കാരനാണ് കാര്‍ ഓടിച്ചിരുന്നത്. ഒറ്റപ്പാലം ലക്കിടി സ്വദേശി നാലകത്ത് സുലൈമാന്റെ ഉടമസ്ഥതയിലുള്ള കാര്‍ വാടകയ്‌ക്ക് എടുത്താണ് 17കാരന്‍ പാലക്കാട് എത്തിയത്. ഗുരുതരമായി പരിക്കേറ്റ ഡോ.നവീനെ ഉടനെ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസ്സര്‍ കൂടിയായ ഡോ. നവീന്റെ മൃതദേഹം പിന്നീട് പൊതുദര്‍ശനത്തിനു വെച്ചു. ഡോ. ജയശ്രീയും ആറ് വയസുള്ള മകനും ചികിത്സയിലാണ്. കാറോടിച്ചിരുന്ന 17കാരനെതിരെ പോലീസ് കേസെടുത്തു.