തൃശ്ശൂര്‍: എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഹബീബ് മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനി കോളേജ് മാനേജിങ്ങ് കമ്മിറ്റിക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. അതേസമയം അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു. ഹബീബ് മുഹമ്മദിന്റെ കോലവും കത്തിച്ചു.
വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോളേജ് ഉന്നതാധികാര സമിതി യോഗത്തില്‍ ഡോക്ടര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന ആവശ്യമുയര്‍ന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറും. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മറ്റൊരു സംഭവത്തില്‍ നടപടി നേരിട്ടതിനെ തുടര്‍ന്നാണ് ഹബീബ് മുഹമ്മദ് ത്രിശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയത്.
