ഗര്‍ഭനിരോധന ശസ്ത്രക്രിയക്കിടെ യുവതിയുടെ ശരീരത്തില്‍ അഞ്ചോളം സിറിഞ്ചുകള്‍ ഡോക്ടര്‍ മറന്നുവെച്ചു. ബനാറസ് ഹിന്ദു  സര്‍വകലാശാലയിലെ സര്‍ സുന്ദര്‍ലാല്‍ ആശുപത്രിയിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോഴാണ് സിറിഞ്ചുകള്‍ കണ്ടെത്തിയത്. പിന്നീട് ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

റാണി എന്ന് പേരുള്ള യുവതി കഴിഞ്ഞ വര്‍ഷമാണ് ആശുപത്രിയില്‍ ഗര്‍ഭനിരോധന ശസ്ത്രക്രിയക്ക് വിധേയയായത്. എന്നാല്‍ ഇതിന് ശേഷം വയറ്റില്‍ സ്ഥിരമായി വേദന അനുഭവപ്പെടാന്‍ തുടങ്ങി. പരിശോധനയില്‍ ഡോക്ടര്‍മാര്‍ ആദ്യം രണ്ട് സിറിഞ്ചുകള്‍ കണ്ടെത്തിയെന്ന് ഭര്‍ത്താവ് വികാസ് ദ്വിവേദി പറഞ്ഞു. വിശദമായ എക്സ്റേ പരിശോധന നടത്തിയപ്പോള്‍ മൂന്ന് സിറിഞ്ചുകള്‍ കൂടി കണ്ടെത്തിയെന്നും അദ്ദേഹം ആരോപിച്ചു. 

പരാതി കിട്ടിയിട്ടുണ്ടെങ്കിലും സംഭവത്തില്‍ ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ സംഭവം അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു. 2013ല്‍ പ്രസവത്തിനായി ആശുപത്രിയില്‍ വന്നപ്പോഴും ഡോക്ടര്‍മാര്‍ പഞ്ഞിയും മാംസവും തന്റെ ശരീരത്തില്‍ മറന്നുവെച്ചെന്ന് റാണി ആരോപിച്ചു.