ഹര്‍ത്താലില്‍ നിന്ന് ആശുപത്രികളെ ഒഴിവാക്കാറുണ്ടെങ്കിലും പല ആശുപത്രികളുടേയും പ്രവർത്തനം തടസപ്പെടുന്ന അവസ്ഥയാണിപ്പോഴുളളത്.
തിരുവനന്തപുരം: ഹര്‍ത്താലില്‍ നിന്ന് ആശുപത്രികളെ ഒഴിവാക്കാറുണ്ടെങ്കിലും പല ആശുപത്രികളുടേയും പ്രവർത്തനം തടസപ്പെടുന്ന അവസ്ഥയാണിപ്പോഴുളളത്. ഡോക്ടര്‍മാരടക്കം ജീവനക്കാര്‍ക്ക് ആശുപത്രിയില്‍ എത്താൻ പറ്റാത്ത അവസ്ഥയാണ്. സാധാരണക്കാരായ രോഗികള്‍ക്ക് ആശുപത്രിയിലേക്ക് വരാനും വാഹനമുണ്ടാകില്ല. ശസ്ത്രക്രിയകളടക്കം മുടങ്ങുന്ന സാഹചര്യവുമുണ്ട്. പല ആശുപത്രികളിലും അത്യാഹിത വിഭാഗം മാത്രമാണ് ഹര്‍ത്താൽ ദിനം പ്രവര്‍ത്തിക്കുക. ഇതിന് പരിഹാരം കാണാനാണ് ഹര്‍ത്താൽ ബഹിഷ്കരിക്കാനുള്ള ഐ എം എയുടെ തീരുമാനം. ഡോക്ടർമാരുടെ മിന്നൽ പണിമുടക്ക് ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വ്യക്തമാക്കി.
ഇനി മുതല്‍ ഹര്‍ത്താലിന് കടകള്‍ അടക്കില്ലെന്ന് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയും അറിയിച്ചു. ഹർത്താലുകളിൽ കടകൾ തുറന്ന് പ്രവര്‍ത്തിക്കും. ബസ്, ലോറി തുടങ്ങിയ വാഹനങ്ങൾ ഹര്‍ത്താല്‍ ദിവസം ഓടും. ഹർത്താലുകൾക്ക് മാധ്യമങ്ങൾ പ്രാധാന്യം നൽകരുതെന്നും കോഴിക്കോട് ചേര്‍ന്ന് യോഗത്തിന് ശേഷം ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ പറഞ്ഞു. ദേശീയ പണിമുടക്കിൽ തീരുമാനം പിന്നീട് അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപാരികള്‍ ബുദ്ധിമുട്ടിലായിരുന്നു. ഇതോടെ കോഴിക്കോട് മിഠായി തെരുവിലും തിരുവനന്തപുരം ചാല മാര്‍ക്കറ്റിലുമുള്ള വ്യാപാരികള്‍ ഹര്‍ത്താലിനെതിരെ രംഗത്തെത്തിയിരുന്നു. ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതിയും അറിയിച്ചിരുന്നു.
