തൃശ്ശൂര്‍: തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍റെ മരണത്തില്‍ പോലീസിനെ വെട്ടിലാക്കി ഡോക്ടര്‍മാരുടെ മൊഴി. വിനായകനെ പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന മൊഴി നല്‍കിയത്. പോലീസ് ചോദ്യം ചെയ്യലിനിടെയാണ് വിനായകന് മര്‍ദ്ദനമേറ്റതെന്നാണ് ഡോക്ടര്‍മാര്‍ ലോകായുക്തയ്ക്ക് മൊഴി നല്‍കിയത്. രാഗില്‍, ബലറാം എന്നീ ഡോക്ടര്‍മാരാണ് മൊഴി നല്‍കിയത്.

പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് വിനായകന്‍റെ അച്ഛന്‍റെ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ലോകായുക്ത അന്വേഷണം ഏറ്റെടുത്തത്. തുടര്‍ന്ന് സാക്ഷികളോട് ഹാജരാകാനും പോലീസിനോട് കേസ് ഡയറി ഹാജരാക്കാനും ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. ലോകായുക്തയുടെ നിര്‍ദ്ദേശ പ്രകാരം പാവറട്ടി പോലീസ് ജനറല്‍ ഡയറി ഹാജരാക്കി.

എന്നാല്‍ വാടാനപ്പള്ളി എസ്ഐ കേസ് ഡയറി ഹാജരാക്കിയില്ല. ഇത് ഗുരുതരമായ വീഴ്ച്ചയായി ചൂണ്ടിക്കാണ്ടിയാണ് എസ് ഐയ്ക്ക് എതിരെ കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് ലോകായുക്ത ആവശ്യപ്പെട്ടത്. അച്ഛന്‍റെ മര്‍ദ്ദനം മൂലമായിരക്കാം വിനായകന്‍ ആത്മഹത്യ ചെയ്തതെന്നാണ് ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ പോലീസ് പറഞ്ഞത്.