മരുന്ന് കുറിപ്പടികള്‍ രാസനാമത്തിലെഴുതണമെന്ന ഉത്തരവ് സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുന്നു. സൗജന്യ ജനറിക് മരുന്നുകള്‍ ലഭ്യമായ സര്‍ക്കാര്‍ ആശുപത്രികളിലും കേന്ദ്ര നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ശ്രീചിത്ര പോലുള്ള ആശുപത്രികളിലും ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും ബ്രാന്‍ഡഡ് മരുന്നുകള്‍ തന്നെയാണ് പ്രിയം. എന്നാല്‍ ഗുണനിലവാരത്തെക്കുറിച്ച് ഉറപ്പ് ലഭിക്കാതെ രാസനാമത്തില്‍ മരുന്നെഴുതാനാകില്ലെന്നാണ് ഒരു വിഭാഗം ഡോക്ടര്‍മാരുടെ വാദം.
മെഡിക്കല്‍ കോളജ് ആശുപത്രിയിലേയും എസ്.എ.ടിയിലേയും വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ കുറിപ്പടികളാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം പരിശോധിച്ചത്. എല്ലാത്തിലും ബ്രാന്‍ഡഡ് മരുന്നുകള്‍ മാത്രമാണെഴുതിയിരിക്കുന്നത്. കുറ്റം പറയരുതല്ലോ, പനി പടരുന്ന സാഹര്യത്തില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരാസെറ്റമോള്‍ ഗുളിക മാത്രം രാസനാമത്തിലെഴുതിയിട്ടുണ്ട്. റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെയും ശ്രീചിത്ര ആശുപത്രിയിലേയും കുറിപ്പടികളിലും ബ്രാന്‍ഡഡ് പേരുകള്‍ മാത്രം. ഇവിടങ്ങളില്‍ നിന്നെല്ലാം എഴുതിക്കൊടുത്ത കുറിപ്പടികളില്‍ കാണിച്ച മരുന്നുകളുടെയെല്ലാം ജനറിക് മരുന്നുകള്‍ സംസ്ഥാന മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എത്തിച്ചിട്ടുണ്ട്. എന്നാലും ഇത് എന്തുകൊണ്ടാണ് ഇങ്ങനെ തന്നെ തുടരുന്നത്?
മറുപടി നിസ്സാരമാണ്. കേരളത്തില്‍ ഒരു വര്‍ഷം 10,000 കോടിക്ക് മുകളിലാണ് മരുന്ന് കച്ചവടം നടക്കുന്നത്. എന്നാല്‍ ഗുണനിലവാരം ഉറപ്പാക്കിയ ജനറിക് മരുന്നുകള്‍ വ്യാപകമായാല്‍ ഈ കച്ചവടം 6000 കോടിയിലേക്ക് കൂപ്പുകുത്തും. ബഹുരാഷ്‌ട്ര മരുന്നുകമ്പനികളുടെ ബിസിനസിനെ തന്നെയാണ് ഇത് ബാധിക്കുന്നത്. മരുന്ന് കമ്പനികള്‍ വഴി നേട്ടമുണ്ടാക്കുന്നവരുടെ വരുമാനവും കുറയും. അത് തന്നെയാണ് ജനറിക് മരുന്നുകളോട് ഡോക്ടര്‍മാര്‍ അടുക്കാത്തതിന്റെ കാരണവും.

